26 February, 2020 09:42:37 AM


തദ്ദേശസ്ഥാപനങ്ങളില്‍ പ്രാദേശിക ദുരന്തനിവാരണസേന രൂപീകരണം പ്രഹസനമാകുന്നു

- സ്വന്തം ലേഖകന്‍



കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ദുരന്തനിവാരണസേന രൂപീകരണം പ്രഹസനമാകുന്നു. അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങളെ അതിവേഗം നേരിടുക എന്ന ഉദ്ദേശത്തോടെയാണ് പ്രാദേശികാടിസ്ഥാനത്തില്‍ ദുരന്തനിവാരണ സംഘങ്ങളുടെ രൂപീകരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ദുരന്തമുഖങ്ങളിൽ പ്രാദേശികമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് രംഗത്തിറക്കുവാൻ പറ്റുന്ന തരത്തിൽ ശാസ്ത്രീയപരിശീലനം നേടിയവരുടെ സംഘം രൂപവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 


എന്നാല്‍ ഇവിടെയും പതിവുപോലെ രാഷ്ട്രീയക്കാരെയും തങ്ങളുടെ അനുയായികളെയും തിരുകികയറ്റാനുള്ള ജനപ്രതിനിധികളുടെ ശ്രമം പദ്ധതിയെ തകര്‍ക്കുകയാണ്. പ്രളയകാലത്ത് അരയും തലയും മുറുക്കി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ സാമൂഹ്യസേവനത്തില്‍ തത്പരരായിട്ടുള്ള പലരേയും സേന രൂപീകരണത്തില്‍നിന്ന് അകറ്റി നിര്‍ത്തിയതായാണ് അറിയുന്നത്. ഇഷ്ടക്കാരെ തിരുകികയറ്റിയുള്ള ജനപ്രതിനിധികളുടെ നീക്കം ഭാവിയില്‍ വന്‍ സാമ്പത്തികവെട്ടിപ്പിനും കളമൊരുക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.


2020 - 21ലെ ജനകീയാസൂത്രണപദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ ദുരിതനിവാരണത്തിന് തുക വകയിരുത്തണമെന്നും അതിന് മുന്നോടിയായി പ്രാദേശികാടിസ്ഥാനത്തില്‍  ദുരന്തനിവാരണസംഘങ്ങള്‍ രൂപീകരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.  സാധാരണ ഒരു വാര്‍ഡില്‍ നിന്നും 20 പേരെയെങ്കിലും ജനപ്രതിനിധി വഴി തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശത്തിലാണ് വെള്ളം ചേര്‍ക്കപ്പെട്ടത്. ഗ്രാമസഭകള്‍ വഴിയും അല്ലാതെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന ആളുകളെ കണ്ടെത്തേണ്ടതിനു പകരം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളേയും ഇഷ്ടക്കാരെയുമാണ് പലയിടത്തും സേനയില്‍ അംഗങ്ങളാക്കിയത്.


തുടക്കത്തിലേ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയിട്ടും അധികൃതര്‍ തങ്ങളുടെ പിഴവുകള്‍ മനസിലാക്കാന്‍ ശ്രമിക്കാതെ കണ്ണടയ്ക്കുകയാണ്. ഒരു വാര്‍ഡില്‍ നിന്ന് 15 മുതല്‍ 30 വരെ ആളുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട കോട്ടയം ജില്ലയിലെ ചില നഗരസഭകള്‍ ഉള്‍പ്പെടെ പലയിടത്തും ഇതുവരെ നടന്ന യോഗങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നത്ര മാത്രം. മാത്രമല്ല ഇവരൊക്കെ അവശ്യഘട്ടങ്ങളില്‍ രംഗത്തിറങ്ങുമോ എന്ന സംശയവും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പദ്ധതി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.


സംസ്ഥാനത്ത് ആദ്യജില്ലാ ദുരന്തനിവാരണസംഘം 2018 ഒക്ടോബറില്‍ കോഴിക്കോട് 'ദ്രുതം' എന്ന പേരില്‍ രൂപീകരിച്ചിരുന്നു. അന്ന് ജില്ലാ കളക്ടറായിരുന്ന യു.വി.ജോസാണ് ഇതിന്‍റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. നിപ വൈറസും കരിഞ്ചോല ഉരുൾപൊട്ടലുമൊക്കെ പഠിപ്പിച്ച പാഠങ്ങളിൽ നിന്നാണ് ഇത്തരം ഒരു സംരംഭത്തിന് കോഴിക്കോട് തുടക്കം കുറിച്ചത്.  റവന്യൂ, പോലീസ്, ആരോഗ്യം, അഗ്നിരക്ഷാസേന, എയ്ഞ്ചൽസ് എന്നിവയുടെ മേൽനോട്ടത്തിലുള്ള 'ദ്രുത'ത്തിന്‍റെ പ്രവർത്തനങ്ങൾ കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗം ഏകോപിപ്പിക്കുകയാണ് ചെയ്തിരുന്നത്.


30 മുതൽ 50 വരെ അംഗങ്ങളടങ്ങുന്ന 10 സേനകളാണ് പ്രാദേശികതലങ്ങളിൽ കോഴിക്കോട്ട് രൂപീകരിച്ചത്. സന്നദ്ധസംഘടനകൾ, റസിഡന്‍റ്സ് അസോസിയേഷനുകള്‍, തൊഴിലാളി സംഘടനകൾ, ഡ്രൈവർമാർ, സാമൂഹിക പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ, നീന്തൽ വിദഗ്ധർ, പാമ്പുപിടിത്തക്കാർ എന്നീ വിഭാഗക്കാരില്‍ നിന്നും സേനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടാണ് ദ്രുതം രൂപീകരിച്ചത്. ആരോഗ്യപരിശോധനയുടെയും  അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് 'ദ്രുതം' സേനയിൽ പ്രവര്‍ത്തകെ തിരഞ്ഞെടുത്തത്. ഈ രീതി തുടരുന്നതിന് പകരം ഇഷ്ടക്കാരെ തിരുകികയറ്റിയുള്ള പ്രവണതയാണ് ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പരക്കെ കാണപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K