25 February, 2020 04:45:24 PM


കോട്ടയം നഗരസഭയിൽ നിന്നും വിവരാവകാശ അപേക്ഷകൾ ചോരുന്നു

- സ്വന്തം ലേഖകന്‍



കോട്ടയം: കോട്ടയം നഗരസഭാ കാര്യാലയത്തില്‍നിന്നും വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകൾ ചോരുന്നതായി ആരോപണം. കഴിഞ്ഞയിടെ നഗരസഭാ ആസ്ഥാനത്ത് വിവരാവകാശ പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് പുതിയ ആരോപണം. നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നൽകിയ അപേക്ഷയാണ് ചോർന്നത്.


നഗരസഭയിൽ നിന്ന് അപേക്ഷയ്ക്ക് മറുപടി ലഭിക്കും മുമ്പുതന്നെ കയ്യേറ്റമുള്ളതായി സൂചിപ്പിക്കപ്പെട്ടവയില്‍ ഒന്നായ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ അധികൃതർ വിവരാവകാശ പ്രവർത്തകനെ ടെലിഫോണിൽ ബന്ധപ്പെട്ടു. മാത്രമല്ല ഇദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഒരു സംഘം ആളുകളെ അയയ്ക്കുകയും ചെയ്തതായാണ് അറിയുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലെ ചോദ്യങ്ങൾ അതേപടി സ്ഥാപനമുടമ ചോദിച്ചു തുടങ്ങിയതാണ് സംശയത്തിനിട നൽകിയത്. വിവരാവകാശപ്രവര്‍ത്തകന്‍റെ വിലാസവും ഫോണ്‍നമ്പരും ഉള്‍പ്പെടെയാണ് നഗരസഭാ ഓഫീസില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനത്തിന് നല്‍കിയതെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഇതേപ്പറ്റി അറിവില്ലെന്നും അന്വേഷിക്കുമെന്നുമാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി  റവന്യു ഓഫീസര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞത്.


നഗരസഭക്ക് കീഴിൽ നിരവധി അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. കോട്ടയം നഗരത്തിനുള്ളില്‍ ഒട്ടനവധി കെട്ടിടങ്ങളാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി അധികൃതരുടെ ഒത്താശയോടെ നിര്‍മ്മിച്ചിരിക്കുന്നത്. മീനച്ചിലാറിന്‍റെ തീരത്ത് മരട് ഫ്ലാറ്റുകള്‍ക്ക് സമാനമായ രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നതു ചൂണ്ടികാട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ പാറമ്പുഴ സ്വദേശി വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയത്. നഗരസഭാ അധികൃതര്‍ക്ക് ഇത്തരം നിര്‍മ്മാണ മാഫിയായുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനുദാഹരണമാണ് പരാതികള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ പക്കലേക്ക് ചോരുന്നതായി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 


ഒരു മാസം മുമ്പാണ് അഴിമതി ചോദ്യം ചെയ്ത വിവരാവകാശപ്രവർത്തകന്‍ മഹേഷ് വിജയന് കോട്ടയം നഗരസഭ കാര്യാലയത്തിൽ വെച്ച് ക്രൂരമർദ്ദനമേറ്റത്. വിവരാവകാശനിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം  ആവശ്യപ്പെടുന്നതിനിടെയായിരുന്നു അക്രമം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട്  വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിന് മറുപടി തേടി നഗരസഭയിൽ എത്തിയതായിരുന്നു മഹേഷ്. അസിസ്റ്റന്‍റ് എഞ്ചിനിയറോട് വിശദാംശങ്ങൾ തിരക്കി മടങ്ങുന്നതിനിടെയാണ് നഗരസഭയിലെ കരാർ എടുക്കുന്ന കോൺട്രാക്ടർമാരുള്‍പ്പെട്ട സംഘം മഹേഷിനെ മര്‍ദ്ദിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K