22 February, 2020 10:05:00 PM


കൊല്ലത്ത് റോഡിലും കണ്ണൂരിൽ കാറിലും വെടിയുണ്ടകള്‍: റോഡില്‍ കിടന്നത് പാക് നിര്‍മ്മിതം?



കൊല്ലം: സംസ്ഥാന പൊലീസിന്‍റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാതായെന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ കൊല്ലത്തുനിന്നും കണ്ണൂരില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴയിൽ  റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ണൂരിൽ കാറിൽ കടത്തിയ വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമെന്ന് സംശയം. പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി ഒ എഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെയാണ് കുളത്തൂപ്പുഴ- മടത്തറ പാതയില്‍ മുപ്പതടി പാലത്തിന് സമീപം 14 വെടിയുണ്ടകൾ കണ്ടെത്തിയത്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വെടിയുണ്ടകൾ.


പാകിസ്ഥാൻ സേനാ വിഭാഗങ്ങളും തീവ്രവാദ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയെന്ന പി ഒ എഫ്. പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് നാട്ടുകാർക്ക് ലഭിച്ചത്. തുടർന്ന് വെടിയുണ്ടകൾ കുളത്തൂപ്പുഴ പോലീസിന് കൈമാറി. കണ്ടെടുത്തതിൽ 2 വെടിയുണ്ടകൾ 7.2 എം എം. ഇവ എ കെ 47-ൽ ഉപയോഗിക്കുന്നതിനോട് സാമ്യമുള്ളതാണ്. 12 എണ്ണം 303 (ത്രീ നോട്ട് ത്രീ) - ചെയിൻബോർ സെൽഫ് ലോഡിംഗ്, ബോൾട്ട ആക്ഷൻ തോക്കുകളിൽ ഉപയോഗിക്കുന്നവയാണ്. പോലീസിന്റെയോ മറ്റ് സേനാ വിഭാഗങ്ങളുടെയോ വെടിയുണ്ടകൾ അല്ലെന്നാണ് പ്രാഥമിക നിഗമനം. 


ഇതിനിടെ, കണ്ണൂരിൽ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വെടിയുണ്ടകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂർമല സ്വദേശി കെ.പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ കർണാടക അതിർത്തിയിലെ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ്പേട്ടയിൽ നിന്ന് വരുന്ന ആൾട്ടോ കാറിന്‍റെ ഡിക്കിയിലാണ് ആറു പാക്കറ്റുകളിൽ ആയി 60 വെടിയുണ്ടകൾ ഒളിപ്പിച്ചിരുന്നത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K