22 February, 2020 06:02:54 PM


കുമ്മനവും ശോഭാ സുരേന്ദ്രനും ബഹിഷ്‌കരിച്ചു; കേരളത്തിലെ ബിജെപിയില്‍ പൊട്ടിത്തെറികളും ചേരിതിരിവും

- പ്രത്യേക ലേഖകന്‍



തിരുവനന്തപുരം: കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങ് ഒരു വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചതിനു പിന്നില്‍ വന്‍ അടിയൊഴുക്കുകള്‍. കേരളത്തിലെ ബിജെപിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണു നീങ്ങുന്നതെന്ന് വ്യക്തമാക്കുന്ന നിലയിലാണ് സ്ഥിതി. മുന്‍ അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ബഹിഷ്‌കരിച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറി എം ടി രമേശ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയെങ്കിലും ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നു വിട്ടു നിന്നു.


എ എന്‍ രാധാകൃഷ്ണന്‍ കൈരളി ടിവി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും ബിജെപി ആസ്ഥാനത്തെ ചടങ്ങിന് എത്താന്‍ മടിച്ചു; പിന്നീട് കേന്ദ്ര സഹമന്ത്രി വി മുരളീധരനും പി കെ കൃഷ്ണദാസും ഇടപെട്ടതിനേത്തുടര്‍ന്നാണ് അങ്ങോട്ടു പോകാന്‍ തയ്യാറായത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒ രാജഗോപാലും മാത്രമാണ് കെ സുരേന്ദ്രനൊപ്പം തുടക്കം മുതല്‍ അവസാനം വരെയുണ്ടായിരുന്ന കേരള നേതാക്കള്‍. ഇവരില്‍ത്തന്നെ ഒ രാജഗോപാല്‍ ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കുന്നതിനു വേണ്ടി അവസാനം വരെ വാദിച്ചയാളാണ്. അദ്ദേഹം വിട്ടുനിന്നേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വി മുരളീധരനും സുരേന്ദ്രനും നേരിട്ടു വിളിച്ച് അഭ്യര്‍ത്ഥിച്ചതിനേത്തുടര്‍ന്ന് തീരുമാനം മാറ്റിയെന്നാണ് സൂചന. 


വി മുരളീധരന്‍ പക്ഷക്കാരനായ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകുന്നതിനു മുമ്പ് ജനറല്‍ സെക്രട്ടറിയായിരുന്നു. മറ്റു ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രനെയും എം ടി രമേശിനെയും അധ്യക്ഷ സ്ഥാനത്തേക്കു സജീവമായി പരിഗണിച്ചിരുന്നു. സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് പി കെ കൃഷ്ണദാസ് പക്ഷം സ്വീകരിച്ചിരുന്നത്. ഗ്രൂപ്പില്ലാത്ത ശോഭാ സുരേന്ദ്രനു വേണ്ടി സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും ഒ രാജഗോപാലും വാദിച്ചു. ഒത്തുതീര്‍പ്പു സാധിക്കാതിരുന്നതുകൊണ്ടാണ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കിയ ശേഷം മാസങ്ങളായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാതെ പോയത്.


മുതിര്‍ന്ന നേതാവായ കുമ്മനത്തിനെ വീണ്ടും അധ്യക്ഷനാക്കണം എന്നും ആര്‍എസ്എസ് ആഗ്രഹിച്ചിരുന്നു. തന്നെ വീണ്ടും അധ്യക്ഷനാക്കുന്നതില്‍ വിയോജിപ്പുള്ളവര്‍ക്കു മുന്നില്‍ കുമ്മനം വച്ച പേര് ശോഭാ സുരേന്ദ്രന്റേതായിരുന്നു. എന്നാല്‍ ഇവരോടാരോടും കൂടിയാലോചിക്കാതെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വി മുരളീധരനും പി കെ കൃഷ്ണദാസും കൈകോര്‍ത്ത് കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്ന തീരുമാനത്തിനു കളമൊരുക്കിയത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിക്കുന്നതിനു മുമ്പ് എം ടി രമേശുമായോ എ എന്‍ രാധാകൃഷ്ണനുമായോ കൃഷ്ണദാസ് കുടിയാലോചിക്കാതിരുന്നത് ആ ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്.


കൃഷ്ണദാസിനു ദേശീയ തലത്തില്‍ പുതിയ ചുമതല നല്‍കും എന്നാണ് സൂചന. ആ ഓഫറിലാണ് അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയ്യാറായതത്രേ. സുരേന്ദ്രനെ അധ്യക്ഷനാക്കുന്ന കാര്യം കുമ്മനത്തോടോ രാജഗോപാലിനോടോ ശോഭാ സുരേന്ദ്രനോടോ ഔപചാരികതയുടെ പേരില്‍പ്പോലും ദേശീയ നേതൃത്വം അറിയിച്ചുമില്ല. വി മുരളീധരനാണ് അവിടെ ചരടുവലിച്ചത് എന്നാണ് സൂചന. മുന്‍കൂട്ടി അറിഞ്ഞാല്‍ മുമ്പ് രണ്ടുവട്ടം സംഭവിച്ചതുപോലെ ഇത്തവണയും തീരുമാനം അട്ടിമറിക്കപ്പെടും എന്നായിരുന്നു ഭയം. മാത്രമല്ല,


കുമ്മനത്തിനോ ശോഭാ സുരേന്ദ്രനോ ഉള്ളത്ര സ്വാധീനം പാര്‍ട്ടി അണികളില്‍ സുരേന്ദ്രനില്ല എന്ന വാദം ഉയരും എന്നും സംശയമുയര്‍ന്നു. ഏകപക്ഷീയ തീരുമാനത്തിലെ പ്രതിഷേധം കെ സുരേന്ദ്രനുമായി മുമ്പോട്ടു സഹകരിക്കുന്നതിലും മറ്റു നേതാക്കള്‍ പ്രകടിപ്പിക്കും എന്ന സൂചന ശക്തമാണ്. അങ്ങനെ വന്നാല്‍ കേരളത്തിലെ ബിജെപിയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കും പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും ഇടയാക്കിയേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K