19 February, 2020 11:17:59 PM


വില്ലേജ് ഓഫീസർ പൂട്ടി, സഹപ്രവർത്തകർ തുറന്നു; സമരത്തെ അതിജീവിച്ച് എരുമേലി വില്ലേജ് ഓഫിസ്

- നൗഷാദ് വെംബ്ലി



എരുമേലി : ഓഫീസ് പൂട്ടി താക്കോൽ കിലോമീറ്ററുകളകലെ താലൂക്ക് ഓഫീസിൽ നൽകി വില്ലേജ് ഓഫീസർ പോയപ്പോൾ പിന്നാലെയെത്തി താക്കോൽ വാങ്ങി ഓഫിസ് തുറന്ന് ജോലി ചെയ്തു സഹപ്രവർത്തകർ. എരുമേലി തെക്ക് വില്ലേജ് ഓഫീസിലാണ് ഓഫിസർ തന്റെ യൂണിയന്റെ സമരത്തിന്റെ പേരിൽ  ഓഫീസ് അടച്ചിട്ടത്.


സഹപ്രവർത്തകർ എത്തിയപ്പോൾ ഓഫിസ് പൂട്ടിയിട്ട നിലയിലായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തിയ നാട്ടുകാർ ഓഫീസ് പൂട്ടിയിട്ടത് കണ്ട് പ്രതിഷേധിച്ചു. ഇതോടെ  സഹപ്രവർത്തകർ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട്  വിവരമറിയിച്ചു. ഓഫിസിന്റെ താക്കോൽ താലൂക്ക് ഓഫിസിൽ നൽകിയിട്ടുണ്ടെന്ന് മറുപടി ലഭിച്ചു. തുടർന്ന് താലൂക്ക് ഓഫീസിലെത്തി താക്കോൽ വാങ്ങി എരുമേലിയിലെത്തി ഓഫീസ് തുറന്ന് മറ്റ് ജീവനക്കാർ ജോലി ചെയ്യുകയായിരുന്നു.


വില്ലേജ് ഓഫിസർ പ്രസാദ് അംഗമായ ജോയിന്റ് കൗൺസിൽ സംഘടന ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഓഫീസുകളിൽ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അതിരാവിലെ എത്തിയ വില്ലേജ് ഓഫീസർ ഓഫിസ് പൂട്ടി താക്കോൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിൽ ഏൽപ്പിച്ചത്. ആറ് ജീവനക്കാരുള്ള എരുമേലിയിലെ വില്ലേജ് ഓഫീസിൽ ഓഫിസർ മാത്രമാണ് റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐ യുടെ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ യൂണിയനിൽ പ്രവർത്തിക്കുന്നത്. മറ്റ് അഞ്ച് പേരും മറ്റ് യുണിയനിലാണ്.


അതേസമയം സമരത്തിന്റെ പേരിൽ  ഓഫിസ് പൂട്ടിയത് ശരിയായ നടപടിയല്ലെന്ന് നാട്ടുകാർ ആരോപിച്ചു. വില്ലേജ് ഓഫിസർ ഒപ്പിട്ട് നൽകേണ്ട സർട്ടിഫിക്കറ്റ് നടപടികൾ ഇന്നലെ ഓഫിസറുടെ അസാന്നിധ്യം മൂലം മുടങ്ങിയപ്പോൾ കരം നികുതി സ്വീകരിക്കൽ ഉൾപ്പെടെ ഓഫിസിലെ മറ്റ് സേവനങ്ങൾക്ക് തടസമുണ്ടായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K