19 February, 2020 08:58:02 PM


വെടിയുണ്ട ഉരുക്കി എസ്എപി ക്യാമ്പിൽ മുദ്ര പണിതു; വ്യാജ കാ‍ഡ്ട്രിജുകളും പിടിച്ചെടുത്തു



തിരുവനന്തപുരം: സ്പെഷൽ ആംഡ് പൊലീസ് ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾ ഉപയോഗിച്ച് നിർമ്മിച്ച മുദ്ര ക്രൈെംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. വൈകിട്ട് അഞ്ചരയോടെ നടത്തിയ പരിശോധനയിലാണ് ക്യാമ്പ് ഹാളിലെ പോഡിയത്തിൽ പിടിപ്പിച്ചിരുന്ന മുദ്ര ഡി വൈ എസ് പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. 2.33 കിലോ ഭാരമാണ് മുദ്രയ്ക്കുള്ളത്. കാലി കേസുകൾ ഉരുക്കിയാണ് മുദ്ര നിർമ്മിച്ചത്.


കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതിനായി മുദ്ര ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. 2016ന് മുമ്പാണ് മുദ്ര നിർമ്മിച്ചതെന്നാണ് പ്രാഥമിക വിവരം. മുദ്രയ്ക്ക് പുറമേ 350 വ്യാജ കാ‍ഡ്ട്രിജുകളും പിടിച്ചെടുത്തു. കാഴ്ചയിൽ തന്നെ തിരിച്ചറിയാനാകുന്ന വ്യാജ കാ‍ഡ്ട്രിജുകൾ തിരുകിക്കയറ്റിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുള്ളതായാണ് സൂചന. ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ 11 പൊലീസുകാരാണ് വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതികളായിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.


12,061 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സി എ ജി റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ 1996-മുതൽ വെടിയുണ്ടകളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതിലെ വീഴ്ചയാണ് കണക്കിലെ പിശകിന് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K