17 February, 2020 02:54:41 PM


സംസ്ഥാനത്ത് 23ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ദളിത് സംയുക്ത സമിതി



കോട്ടയം: സംസ്ഥാനത്ത് ഈ മാസം 23ന് ദളിത് സംയുക്തസമിതിയുടെ ഹര്‍ത്താല്‍. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും നിയമനിര്‍മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് 23ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


പട്ടികജാതി പട്ടികവഗ്ഗ സംവരണം നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലന്നും പ്രമോഷനില്‍ സംവരണം മൗലികാവകാശമില്ലെന്നുമുള്ള സുപ്രിം കോടതി വിധി ഭരണഘടനാ തത്വങ്ങളുടെ ലംഘനവും പട്ടികജനവിഭാഗങ്ങളുടെ ഭരണഘടനാ പരവും ജനാധിപത്യപരവുമായ അവകാശങ്ങളുടെ നിഷേധവുമാണെന്ന് എ.കെ.സജീവ് ചെയര്‍മാനും അഡ്വ.പി.ഓ.ജോണ്‍ ജനറല്‍ കണ്‍വീനറുമായ ദളിത് സംയുക്തസമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.


ഫെബ്രുവരി 23ന് നടത്തുന്ന അഖിലേന്ത്യാ ബന്ദിന്‍റെ ഭാഗമായി കേരളത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ്. പാല്‍, പത്രം, മെഡിക്കല്‍ഷോപ്പ്, ആംബുലന്‍സ്, വിവാഹം ഇവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന്  ഒഴിവാക്കിയതായും സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K