08 February, 2020 09:57:26 PM


ബാധ്യതകള്‍ കണക്കാക്കുമ്പോള്‍ തന്‍റെ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി



ലണ്ടന്‍ : ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ തന്‍റെ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നേരിടവേയാണ് അനില്‍ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. 'എന്‍റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ല' എന്ന് അനില്‍ അംബാനി അറിയിച്ചു. കോടതി നടപടികള്‍ ഒഴിവാക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.


അടുത്ത ആറാഴ്ചക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ അടയ്ക്കണമെന്ന് ലണ്ടന്‍ കോടതി ജഡ്ജി ഡേവിഡ് വാക്സ്മാന്‍ നിര്‍ദേശം നല്‍കി. അനില്‍ അംബാനിക്കെതിരെ മൂന്ന് ചൈനീസ് വന്‍കിട ബാങ്കുകളാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് 925 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയെന്നും എന്നാല്‍ തിരിച്ചടവ് മുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.


അനില്‍ അംബാനിക്ക് അടയ്ക്കാന്‍ കഴിയാത്ത തുക അദ്ദേഹത്തോട് ആവശ്യപ്പെടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ റോബര്‍ട്ട് ഹോവ് കോടതിയില്‍ വാദിച്ചു. വലിയ തുക വായ്പയെടുത്ത് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം നിര്‍ദേശത്തിനെതിരെ ഇതിനെതിരെ അപ്പീലിന് പോകുമെന്നു അനില്‍ അംബാനി അറിയിച്ചു. അതേസമയം അതിസമ്ബന്നരായ അംബാനി കുടുംബം മുന്‍ കാലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ഇത്തരം സഹായങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.



അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അനില്‍ അംബാനിയുടെ സഹോദരന്‍ മുകേഷ് അംബാനി. 56.5 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K