08 February, 2020 06:50:42 PM


പോലീസ് പരേഡ് ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍: പട്രോളിംഗിന് ഇനി കുതിരപ്പോലീസും



തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പരേഡ് ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കും. പോലീസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് എത്താനും കാണാനും കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡ് കോഴിക്കോട് ബീച്ച് റോഡില്‍ നടത്തിയത് ഏറെ പേരെ ആകര്‍ഷിച്ചിരുന്നു.



തിരുവനന്തപുരം സിറ്റി പോലീസിലേയും വിവിധ ജില്ലകളിലുള്ള എല്ലാ ബറ്റാലിയനുകളിലേയും പോലീസ് ബാന്‍റ് സംഘം ഇനിമുതല്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം പൊതുസ്ഥലത്ത് ബാന്‍റ് വാദ്യം സംഘടിപ്പിക്കും. ഇതുവഴി കൂടുതല്‍ കുട്ടികളും നാട്ടുകാരും ബാന്‍റ് മേളം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്രോളിംഗിനും ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കുമായി പ്രവൃത്തിദിവസങ്ങളില്‍ കുതിരപ്പോലീസിന്‍റെ സേവനം ഉപയോഗിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കല്‍ പോലീസ് നായ്ക്കളുടെ പ്രദര്‍ശനം നടത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K