07 February, 2020 08:30:52 PM


കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുകള്‍ സോളാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സബ്‌സിഡി



കോട്ടയം: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും കാര്‍ഷിക കണക്ഷന്‍ ഉള്ളതുമായ പമ്പ് സെറ്റുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡി നല്‍കുന്നു. ഒരു എച്ച്പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയില്‍ അനെര്‍ട്ട് മുഖേന ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കാം. ഒരു കിലോവാട്ടിന് ഏകദേശം 54000 രൂപ ചിലവ് വരും. സബ്‌സിഡി കഴിഞ്ഞുള്ള തുകയാണ് ഉപഭോക്തൃവിഹിതം. ഒരു കിലോവാട്ടിന് നൂറ് ചതുരശ്ര മീറ്റര്‍ എന്ന കണക്കിന് നിഴല്‍രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.


ഒരു കിലോവാട്ട് സോളാര്‍ പാനലില്‍നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്ക് ആനുപാതികമായി മൂന്നു യൂണിറ്റു മുതല്‍ അഞ്ചു യൂണിറ്റുവരെ വൈദ്യുതി ലഭിക്കും. പകല്‍ സമയത്ത് പമ്പ് ഉപയോഗിച്ചശേഷം അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതുവഴി കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുകയും ചെയ്യും. താത്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (ഒരു എച്ച്പി മുതല്‍ 10 എച്ച്പി വരെ) എന്നിവ നല്‍കിയാല്‍ സ്ഥലപരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K