06 February, 2020 02:04:01 PM


ട്രംപ് കുറ്റവിമുക്തന്‍: ഇംപീച്ച്മെന്‍റ് പ്രമേയങ്ങൾ സെനറ്റ് തള്ളി; ട്രംപ് ഭീഷണിയെന്ന് സ്പീക്കര്‍



വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ സെനറ്റ് തള്ളി. അധികാര ദുർവിനിയോഗം, കോൺഗ്രസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്. ഇതോടെ നാല് മാസം നീണ്ട ഇംപീച്ച്മെന്‍റ് നടപടിക്രമങ്ങൾക്ക് അവസാനമായി. ഇംപീച്ച്മെന്റിനെ അതിജീവിക്കുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. കുറ്റവിമുക്തനായതോടെ ഒരിക്കൽ കൂടി പ്രസിഡന്‍റ് സ്ഥാനത്തെത്താനുള്ള ട്രംപിന്‍റെ ശ്രമം കൂടുതൽ എളുപ്പമാകും.


മുൻവൈസ് പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബൈഡന്റെ മകനെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഇതിനായി യുക്രെയ്നുള്ള സൈനിക സഹായം പിടിച്ചുവച്ചുമെന്നുമാണ് ട്രംപിനെതിരായ ആരോപണം. തനിക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ നീക്കം തടസ്സപ്പെടുത്തിയെന്നാണ് രണ്ടാം പ്രമേയം.


ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ കടന്നെത്തിയ പ്രമേയങ്ങൾ റിപ്പബ്ലിക്കൻ പക്ഷത്തിന് മേൽക്കയ്യുള്ള സെനറ്റിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. അധികാരദുർവിനിയോഗ ആരോപണമുള്ള ഒന്നാം പ്രമേയം 48നെതിരെ 52 വോട്ടിനാണ് പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ സെനറ്റ് മിറ്റ് റോമ്നി പ്രമേയത്തെ പിന്തുണച്ചതാണ് ഡെമോക്രാറ്റുകൾക്കുള്ള ഏക ആശ്വാസം. നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ഇംപീച്ച്മെന്റ് പ്രമേയങ്ങൾ സെനറ്റ് തള്ളിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. അർഥശൂന്യമായ ദിവസങ്ങൾക്ക് അവസാനമായെന്നായിരുന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രതികരണം.


എന്നാൽ പ്രമേയങ്ങൾ തള്ളിയാലും ട്രംപ് ഇപ്പോഴും അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണി തന്നെയാണെന്നായിരുന്നു ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി വിമർശിച്ചത്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ തുടങ്ങി കഴിഞ്ഞ വേളയിൽ റിപ്പബ്ലിക്കൻ പക്ഷത്ത് നിന്ന് പോലും എതിരാളികളില്ലാത്ത ട്രംപിന് സ്ഥാനാർഥി മോഹികൾ ഏറെയുള്ള ഡെമോക്രാറ്റ് പക്ഷത്തെ നേരിടാൻ കൂടുതൽ കരുത്ത് പകരുന്നതാകും ഇംപീച്ച്മെന്റിന് മേലുള്ള വിജയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K