05 February, 2020 10:00:28 PM


വിജയ്‌യുടെ വീട്ടിൽ റെയ്ഡ്; സിനിമാഫണ്ട് ഇടപാടുകാരനിൽ നിന്ന് 25 കോടി പിടിച്ചു



ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് ആദായനികുതിവകുപ്പ് തെളിവെടുപ്പ് ആരംഭിച്ചു. നേരത്തെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടത്. തമിഴ്‌നാട്ടിൽ 38 സ്ഥലങ്ങളിൽ ആരംഭിച്ച തിരച്ചിൽ രാത്രിയിലും തുടരുകയാണ്.


സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്‍റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനിൽ നിന്ന് 25 കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.


മാസ്റ്റർ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൂടല്ലൂർ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍റെ സ്ഥലത്ത്  നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി വിജയിയെ ചോദ്യം ചെയ്തതും ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസ് നൽകിയതും. വിജയ്‌യുടെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണ് തിരച്ചില്‍ നടന്നു. വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K