03 February, 2020 07:52:10 PM


ചെറുവാണ്ടൂർ ചാലിനും പാടശഖരങ്ങള്‍ക്കും ശാപമോക്ഷം; നെല്‍കൃഷി പുനരാരംഭിക്കും



ഏറ്റുമാനൂർ: ചെറുവാണ്ടൂരിലെ പാടശേഖരങ്ങൾക്ക് ശാപമോക്ഷം ലഭിക്കുന്നു. തരിശായി കിടന്ന പാടത്ത് നെൽകൃഷി പുനരാരംഭിക്കുന്നതിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഹരിതകേരളം മിഷന്‍. പാടശേഖരത്തിന് നടുവിലൂടെയുള്ള വ്യാപകമായ കയ്യേറ്റം നടന്ന  ചെറുവാണ്ടൂർ ചാൽ പൂർവ്വസ്ഥിതിയിലാക്കുക എന്നതാണ് ആദ്യദൌത്യമെന്ന് സ്ഥലം സന്ദര്‍ശിച്ച ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ പറഞ്ഞു. കൃഷി - ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായി ഇതിനായുള്ള പദ്ധതി തയ്യാറാക്കി. കയ്യേറിയ ചാൽ വിട്ടുനൽകാൻ ബന്ധപ്പെട്ടവർ സന്നദ്ധത അറിയിക്കുകയും ചെയ്തു. 


50 മുതൽ 125 മീറ്റർ വരെ വീതിയിൽ ഒഴുകിയിരുന്ന ചാലിന്‍റെ ഇപ്പോഴത്തെ വീതി ആറ് മീറ്ററിൽ താഴെയാണ്. ചാൽ ഇല്ലാതായതോടു കൂടി  മാടപ്പാട്, ചെറുവാണ്ടൂർ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്തിരുന്നു. ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മൽസ്യ - മാംസ മാർക്കറ്റുകളിൽ നിന്നും ഒഴുകി വരുന്ന മാലിന്യങ്ങൾ ഒഴുകിവന്ന് കെട്ടികിടന്നതോടെ നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ പരിസ്ഥിതിപ്രശ്നങ്ങളും തലയുയര്‍ത്തി.  വർഷകാലത്ത് ഈ മാലിന്യങ്ങൾ ഒഴുകി മീനച്ചിലാറ്റിൽ എത്തും. ഈ മീനച്ചിലാറ്റില്‍ നിന്നുമാണ് കോട്ടയം പട്ടണത്തിലേക്കും മെഡിക്കല്‍ കോളേജിലേക്കും സമീപപഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്.


നൂറുമേനി നെല്ല് കൊയ്തിരുന്ന നൂറേക്കറിലധികം വരുന്ന പാടശേഖരത്ത് കൃഷി നാമമാത്രമായിട്ട് രണ്ടു പതിറ്റാണ്ടിലേറെക്കാലമായി. നെൽകൃഷി കഴിഞ്ഞാൽ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കൊണ്ടൽ കൃഷിയിടമായിരുന്നു ഏറ്റുമാനൂർ ചെറുവാണ്ടൂർ , ഊറ്റക്കുഴി പാടശേഖരങ്ങൾ. കനത്ത വേനൽക്കാലത്ത് പോലും ജലക്ഷാമമുണ്ടായിട്ടില്ലാത്ത  പ്രദേശങ്ങൾ ചെറുവാണ്ടൂര്‍ ചാൽ ഇല്ലാതായതോടു കൂടി കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണ്. അനേകം നാടൻ മൽസ്യങ്ങളുടെ കലവറയായിരുന്നു ചാൽ. ഇരു കരകളിലും ഉണ്ടായിരുന്ന കണ്ടൽക്കാടുകളിൽ ദേശാടന പക്ഷികൾ കൂടുകൂട്ടിയിരുന്നു. 


വെള്ളിമൂങ്ങായും മരം കൊത്തിയും ധാരാളമായി ഉണ്ടായിരുന്ന അപൂർവ്വത കൂടി ഈ കണ്ടൽക്കാടുകൾക്ക് ഉണ്ടായിരുന്നു. കാട്ടു കോഴികളുടെയും നരിയുടെയും, കാട്ടുമുയലിന്‍റെയും കുളക്കോഴികളുടെയും വിവിധ തരം ഉരഗവർഗ്ഗങ്ങളുടെയും താവളമായിരുന്നു ഈ കണ്ടൽകാടുകൾ. ചെറുവാണ്ടൂർ ചാലിന്‍റെ സംരക്ഷണത്തിനും നെൽകൃഷിയുടെ പുന:സ്ഥാപനത്തിനും വേണ്ടി പ്രദേശവാസികൾ കഴിഞ്ഞ കുറേ നാളുകളായി ജനകീയ സമരങ്ങൾ നടത്തിവരികയായിരുന്നു. 


മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ, ജനകീയ സമിതി കൺവീനർ അഡ്വ.പ്രശാന്ത് രാജൻ, കൃഷി വകുപ്പ്  എഞ്ചിനീയർ മുഹമ്മദ് ഷെറീഫ്, ജലസേചന വകുപ്പ് ജില്ലാ എക്സിക്യൂട്ടിവ്  എഞ്ചിനീയർ കെ.കെ.അൻസാർ,  മുനിസിപ്പൽ കൗൺസിലർമാരായ  ടി.പി.മോഹൻദാസ്, ബോബൻ ദേവസ്യാ, പി.എസ്.വിനോദ് തുടങ്ങിയവരും സീമയോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K