03 February, 2020 02:06:46 PM


സംസ്ഥാനത്ത് നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു



തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. ഫെബ്രുവരി 20 തിന് മുമ്പ് സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകൾ കൂട്ടിച്ചേര്‍ത്തു.


വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K