01 February, 2020 08:41:18 PM


ബൈക്കില്‍ അഭ്യാസം കാട്ടാന്‍ ഒരുങ്ങിയ വിദ്യാര്‍ഥികളെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്



കൊല്ലം: ബൈക്കുകളില്‍ അഭ്യാസം കാട്ടാന്‍ ഒരുങ്ങി നിന്ന വിദ്യാര്‍ഥികളെ അതിനും മുന്നേ കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്‍കൂളിലെത്തിയ ഉദ്യോഗസഥര്‍ 35 ഓളം ബൈക്കുകളും പിടിച്ചെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പിരിഞ്ഞു പോകുന്നതിന്‍റെ ആഘോഷത്തിനായി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ബൈക്കഭ്യാസം നടത്താന്‍ തീരുമാനിച്ചെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.


കുറ്റിക്കാട് സിപി ഹയര്‍ സെക്കന്‍ഡറി സ്‍കൂള്‍, കോട്ടപ്പുറം പിഎംഎസ്‌എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റെ വിഭാഗത്തിന്‍റെ മിന്നല്‍പരിശോധന. ബൈക്കുമായി ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് പിഴയടച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപ പിഴ ഈടാക്കി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയ്‍ക്കും ബൈക്കുകളുടെ സൈലന്‍സര്‍ ഉള്‍പ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ.


രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായിരുന്നു തയാറെടുപ്പ്. ബൈക്കുകളില്‍ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘം സിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയത്. പിഎംഎസ്‌എ കോളജിനകത്ത് പരിശോധന നടത്തി സൈലന്‍സര്‍ ഉള്‍പ്പെടെ രൂപം മാറ്റിയത് വാഹനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K