30 January, 2020 01:40:16 AM


ആടുകള്‍ കൂട്ടിനെത്തി; വെളിയന്നൂരിലെ കുട്ടികള്‍ ഇപ്പോള്‍ തിരക്കിലാണ്



ഉഴവൂര്‍: മൂന്നാം ക്ലാസുകാരനായ വൈഷ്ണവ് ഇപ്പോള്‍ വളരെ തിരക്കിലാണ്. പഠനവും കളിയും മാത്രമായിരുന്ന ജീവിതത്തില്‍ കിങ്ങിണിയുടെ വരവോടെ ഉത്തരവാദിത്തമായി. രാവിലെ പഠനം കഴിഞ്ഞാലുടന്‍ തീറ്റയും വെള്ളവും കൊടുത്ത് അവളെ അമ്മയെ ഏല്‍പ്പിച്ചിട്ടുവേണം സ്കൂളില്‍ പോകാന്‍. വൈകുന്നേരം തിരിച്ചെത്തിയാല്‍ ആദ്യം ഓടുന്നത് അവളുടെ അടുത്തേക്കാണ്. അവധി ദിവസങ്ങളില്‍ കളിസ്ഥലത്തേക്ക് കിങ്ങിണിയെയും കൂട്ടും.  


വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍നിന്നും  കിങ്ങിണി എന്ന ആട്ടിന്‍ കുട്ടിയെ നല്‍കിയതിനെത്തുടര്‍ന്ന് പൂവക്കുളം ഗവണ്‍മെന്‍റ് യു. പി സ്കൂള്‍ വിദ്യാര്‍ഥിയായ വൈഷ്ണവിന്‍റെ ദിനചര്യകള്‍ പാടേ മാറിയിരിക്കുന്നു. ഇത് വൈഷ്ണവിന്‍റെ മാത്രം സ്ഥിതിയല്ല.  പൂവക്കുളം ഗവണ്‍മെന്‍റ് യു.പി സകൂള്‍,  വെളിയന്നൂര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍,  പുതുവേലി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ മൂന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ 83 കുട്ടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ മാതൃകാ  പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആട്ടിന്‍കുഞ്ഞുങ്ങളെ കിട്ടി. അഞ്ച് ലക്ഷം രൂപയുടെ പദ്ധതി ആടു ഗ്രാമം എന്ന പേരിലാണ് നടപ്പാക്കുന്നത്.  ആറുമാസം പ്രായമായ പെണ്ണാട്ടിന്‍ കുട്ടികളെയാണ് നല്‍കിയത്.


ആടിന്‍റെ വളര്‍ച്ച ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും സ്കൂളുകളില്‍ ഗോട്ട് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കുട്ടികള്‍, അധ്യാപകന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങുന്ന ക്ലബ്ബിലെ അംഗങ്ങള്‍ രണ്ടു മാസത്തിലൊരിക്കല്‍ ഒത്തുകൂടും. ആട്ടിന്‍ കൂട് നിര്‍മാണം, ഭക്ഷണക്രമം, രോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പുതുവേലി മൃഗാശുപത്രിയും തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക്  മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററും പരിശീലനം നല്‍കിയിട്ടുണ്ട്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K