29 January, 2020 06:31:26 PM


ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കാരണക്കോടം തോടിന്‍റെ മുഖം മാറുന്നു



കൊച്ചി: ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം കാരണക്കോടം തോടിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. തോടിനെ  മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് ചെയ്യുന്നത്. ഇതിനായി 65 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്ന തോടിന്റെ മൂന്ന് ഭാഗങ്ങളിലും ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി.


പാലാരിവട്ടം മെട്രോ സ്റ്റേഷൻ മുതൽ അടിമുറിത്തോട്  വരെയുള്ള ഭാഗങ്ങളിലും പാലാ തുരുത്തിലുമാണ് കളക്ടർ സന്ദർശനം നടത്തിയത്. പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. കാരണക്കോടം തോടിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടത് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നുയർന്ന പരാതികൾക്ക് പുനരുദ്ധാരണ പ്രവർത്തിയിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. 


കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന് കീഴിൽ 36 പ്രവർത്തികളാണ് ഇതുവരെ ആരംഭിച്ചത്. ഒന്നാംഘട്ടത്തിൽ ആകെ 202 പ്രവർത്തികളാണുള്ളത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമ്മിക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഇപ്പോൾ നടന്ന് വരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ ദിവസവും ജില്ലാ കളക്ടർ എസ്.സുഹാസ് വിവിധ കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K