28 January, 2020 11:32:34 AM


ഉപഭോക്താവായ യുവതിയെ ചുംബിച്ചു; ദുബായിൽ പ്രവാസി ജീവനക്കാരന്‍ അറസ്റ്റില്‍



ദുബായ്: ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേല്‍ അറസ്റ്റിലായ പ്രവാസി ജീവനക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. 35കാരനായ പാകിസ്ഥാന്‍ പൗരനാണ് വിചാരണ നേരിടുന്നത്. ഒരു ബ്രിട്ടീഷ് വനിത ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ ചുംബിച്ചുവെന്നാണ് കേസ്.


പരാതിയെ തുടര്‍ന്ന് പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. പ്രതി ആദ്യം തന്റെ കൈയിലും പിന്നീട് ചുണ്ടിലും ബലമായി ചുംബിച്ചുവെന്ന് 34 കാരിയായ ബ്രിട്ടീഷ് യുവതി പ്രോസിക്യൂഷന് മൊഴിനല്‍കി. ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ സമ്മാനിക്കാനായാണ് താന്‍ ഓണ്‍ലൈനില്‍ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്തത്. രാത്രി എട്ട് മണിയോടെ ഡെലിവറി ജീവനക്കാരന്‍ വീട്ടിലെത്തി.


വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ വാഹനത്തില്‍ നിന്ന് സൈക്കിള്‍ പുറത്തിറക്കുകയായിരുന്നു. സൈക്കിള്‍ ഏറ്റുവാങ്ങാനായി വാഹനത്തിനടുത്തേക്ക് ചെന്ന തന്റെ കൈ പിടിച്ച് ചുംബിക്കുകയായിരുന്നു. അമ്പരന്നുപോയ താന്‍ വീടിനുള്ളില്‍ കയറി വാതിലടച്ചു. ഇയാള്‍ പിന്നീട് സൈക്കിള്‍ എടുത്തുകൊണ്ട് വീടിന് മുന്നില്‍ കൊണ്ടുവെച്ചശേഷം കോളിങ് ബെല്ലടിച്ചു. അപ്പോള്‍ സൈക്കിള്‍ എടുക്കാനായി താന്‍ പുറത്തേക്കിറങ്ങി.


സൈക്കിളിന് എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്ന് പ്രതി പറഞ്ഞു. പിന്നീട് തന്റെ കൈയില്‍ പിടിച്ച് അടുത്തേക്ക് വലിക്കുകയും വീണ്ടും ചുംബിക്കുകയും ചെയ്തു. ഇതോടെ താന്‍ പിന്നിലേക്ക് മാറുകയും പേടിച്ച് വീടിനുള്ളിലേക്ക് കയറി വാതിലടയ്ക്കുകയും ചെയ്തു. പിന്നീട് തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള വാട്സ്ആപ് സന്ദേശവും എത്തി. 


ചുംബിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ സുഹൃത്തായി കാണണമെന്നും അഭ്യര്‍ത്ഥിച്ചുള്ള മെസേജ് അല്‍പസമയം കഴിഞ്ഞ് ഇയാള്‍ തന്നെ ഡിലീറ്റ് ചെയ്തു. പിന്നീട് ക്ഷമചോദിച്ചും സംഭവിച്ചതിനെപ്പറ്റി ആലോചിക്കേണ്ടെന്നും പറഞ്ഞ് വീണ്ടും വാട്സ്ആപ് മെസേജ് അയച്ചു. ഇത് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് യുവതി സ്ക്രീന്‍ ഷോട്ട് എടുത്തു. മെസേജുകളെല്ലാം ഇയാള്‍ അല്‍പസമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്തിരുന്നു. സൈക്കിള്‍ റിപ്പയര്‍ ചെയ്യാനുള്ള ഫോണ്‍ വിളി താന്‍ കാത്തിരിക്കുന്നെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയെ ചുംബിച്ച കാര്യം ഇയാള്‍ സമ്മതിച്ചു.


യുവതിയെ ഇഷ്ടമായതിനാലാണ് അങ്ങനെ ചെയ്തതെന്നും പ്രതി പറഞ്ഞു. വാട്സ്ആപില്‍ മെസേജ് അയച്ച കാര്യവും ഡിലീറ്റ് ചെയ്തതും ഇയാള്‍ സമ്മതിച്ചു. സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ കോടതിയില്‍ നല്‍കിയത്. ഫെബ്രുവരി 16ന് കോടതി വിധി പറയും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K