26 January, 2020 11:51:07 AM


കുട്ടികളുടെ ലഹരി ഉപയോഗം: പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ 1378 റെയ്ഡുകള്‍



പത്തനംതിട്ട :  പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് നടത്തിയത് 1378 റെയ്ഡുകള്‍.എന്‍ഫോഴ്സ്‌മെന്റ് ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019 ഡിസംബര്‍ 18 മുതല്‍ 22 വരെ ജില്ലയിലെ 7 എക്‌സൈസ് റേഞ്ചുകളിലെയും നിലയ്ക്കല്‍, പമ്പ, സന്നിധാനം താത്കാലിക റേഞ്ചുകളുടെയും പരിധിയില്‍ 1378 റെയ്ഡുകള്‍ നടന്നിട്ടുണ്ടെന്ന് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.കെ.മോഹന്‍ കുമാര്‍ വ്യക്തമാക്കി.


104 അബ്കാരി കേസുകളിലായി 93 പേര്‍ അറസ്റ്റിലായി. 26 എന്‍ഡിപിഎസ് കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. 3065 കോട്പ കേസുകളിലായി 93.35 ഗ്രാം നിരോധിത ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് 6,21,400 രൂപ പിഴ ഈടാക്കി. 933 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജില്ലയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 985 ലീറ്റര്‍ കോട കണ്ടെടുത്തു.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എഡിഎം അലക്സ് പി. തോമസിന്റെ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ 30ന് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത ബോധവത്കരണ ദീപം തെളിക്കല്‍ സംഘടിപ്പിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K