25 January, 2020 11:36:45 PM


വ്യക്തിസ്വാതന്ത്ര്യം : കോടതികളും നിയമ നിർമ്മാണസഭകളും ജാഗ്രത പുലർത്തണം - റോസാ പാറ്റി



കൊച്ചി: ജനാധിപത്യ സംവിധാനത്തിൽ എക്സികുട്ടീവ്‌ , ജുഡീഷ്യറി, നിയമനിർമ്മാണ സഭ എന്നിവയുടെ അവകാശങ്ങൾ പൗരന്മാരുടെ മൗലിക അവകാശങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പൊതു താൽപ്പര്യങ്ങൾ മുൻനിർത്തി വ്യക്തിസ്വാതന്ത്ര്യത്തിനു പരിധി  ഏർപ്പെടുത്താമെന്നും അമേരിക്കൽ നിയമ പ്രൊഫസറായ റോസാ പാറ്റി അഭിപ്രായപ്പെട്ടു. ദേശീയ നിയമ സർവകലാശാലയായ നുവാൽസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് എം കെ നമ്പ്യാർ സ്മാരക നിയമ പ്രഭാഷണം നടത്തുകയായിരുന്നു അവർ.


വ്യക്തി സ്വാതന്ത്ര്യം നിർവചിക്കുന്നതിനും  അവയെ നിയന്ത്രിക്കാനുള്ള സന്ദർഭങ്ങൾ  സാമൂഹ്യ കാഴ്ചപ്പാടോടെ വേർതിരിച്ചെടുക്കുന്നതിനും  നിയമ നിർമ്മാണ സഭകളും കോടതികളും ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. പ്രൊഫ. റോസാ പാറ്റി ചൂണ്ടിക്കാട്ടി. അവകാശങ്ങൾക്കു പരിധി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിവിധ രാജ്യങ്ങളിലെയും അന്താരാഷ്‌ട്ര തലത്തിലെയും നിയമസംവിധാനത്തിലൂടെയും കോടതി വിധികളിലൂടെയും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നും ഉദാഹരണ സഹിതം പ്രൊഫ പാറ്റി വിശദീകരിച്ചു.


വൈസ് ചാൻസലർ ഡോ കെ സി സണ്ണി സ്വാഗതവും പ്രൊഫസർ എസ് മിനി നന്ദിയും പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായ രാജാ വിജയ രാഘവൻ, ജയശങ്കർ നമ്പ്യാർ, എന്ഡോവ്മെന്‍റ് കമ്മിറ്റി അംഗ ങ്ങളായ അഡ്വ ദണ്ഡപാണി, പ്രൊഫ ലീലാകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖ നിയമ വിദഗ്ധരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. 


പ്രമുഖ അഭിഭാഷകൻ ആയിരുന്ന  ബാരിസ്റ്റർ എം കെ നമ്പ്യാരുടെ സ്മരണക്കായി അദ്ദേഹത്തിന്‍റെ പുത്രനും അറ്റോർണി ജനറലും ആയ കെ കെ വേണുഗോപാൽ ഏർപ്പെടുത്തിയ എൻഡോവ്മെന്‍റ് പ്രകാരമാണ് വർഷാവർഷം നുവാൽസ് നിയമ പ്രഭാഷണം നടത്തുന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K