23 January, 2020 03:41:58 PM


റാസല്‍ഖൈമയില്‍ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; ഒരു മരണം



റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. പത്തു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ റാക് ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടവര്‍. പരിക്കേറ്റവരില്‍ രണ്ടുപേര്‍ അപകടനില തരണം ചെയ്തിട്ടില്ല. അഞ്ചുപേര്‍ക്ക് കാര്യമായ പരിക്കുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.


റാസല്‍ഖൈമയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122 ലായിരുന്നു അപകടമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എയര്‍വിങ്, ആംബുലന്‍സ് വിഭാഗം തുടങ്ങിയവുമായി നടത്തിയ സംയുക്ത പ്രവര്‍ത്തനത്തിലൂടെ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി അലി അബ്ദുല്ല വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മേല്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K