22 January, 2020 08:52:07 PM


കൈക്കൂലി ആവശ്യപ്പെട്ടു; വിജിലന്‍സ് കുടുക്കി: ഉഴവൂരില്‍ സര്‍വ്വേയര്‍മാര്‍ അറസ്റ്റില്‍



കുറവിലങ്ങാട്: കൈക്കൂലി ആവശ്യപ്പെട്ട സർവേയർമാർ പിടിയില്‍. മീനച്ചിൽ താലൂക്ക് ഹെഡ് സർവ്വേയർ കൊല്ലം പന്തവിളികം വണ്ടയിൽ പുത്തൽ വീട്ടിൽ എസ് സജീവ് ( 45 ), സർവ്വേയർ നെയ്യാറ്റിൻകര താഴനിന്ന ജോയി ഭവൻ ജോയിക്കുട്ടൻ (51) എന്നിവരാണ് സ്വകാര്യവ്യക്തിയുടെ പരാതിയെ തുടര്‍ന്ന് വിജിലൻസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. ഉഴവൂർ അരീക്കര സ്വദേശിയായിരുന്നു പരാതിക്കാരന്‍. അരീക്കരയിൽ 2013 ൽ ഇദ്ദേഹം ആധാരം നടത്തിയ സ്ഥലം റീസർവ്വേ ചെയ്യുന്നതിന് ഉദ്യോഗസ്ഥ സംഘം കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി.


ആദ്യം നടത്തിയ റീസർവേയിൽ സ്ഥലത്തിന്‍റെ അളവില്‍ കുറവ് കണ്ടതിനെ തുടർന്ന് വീണ്ടും സർവേ നടത്താൻ അപേക്ഷ നൽകി. ലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും റിപ്പോർട്ട് ലഭിക്കും മുമ്പ് സർവേയർ സ്ഥലം മാറി. തുടർന്നു വന്ന സർവ്വേയർ ഫയലിൽ ഒപ്പിട്ടു നൽകിയാൽ മാത്രം മതിയായിരുന്നു. റിപ്പോർട്ട് കൈപ്പറ്റുന്നതിനായി  ബുധനാഴ്ച സ്ഥലമുടമ ഓഫിസിൽ എത്തിയപ്പോഴാകട്ടെ തങ്ങള്‍ക്ക് സ്ഥലം  കാണണമെന്നും രണ്ടു പേർ വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2000 രൂപാ വീതം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.


ഈ വിവരം പരാതിക്കാരൻ അറിയിച്ചതിനെ തുടര്‍ന്ന് വിജിലൻസ് സംഘത്തിന്‍റെ നിർദേശപ്രകാരം രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം കാണാൻ ക്ഷണിച്ചു. വിജിലൻസ് സംഘം നല്‍കിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകള്‍ സ്ഥലമുടമ ഇരുവര്‍ക്കും നൽകി. ഈ സമയം പറമ്പിൽ കാത്തുനിന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടുക യായിരുന്നു. കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ വ്യാഴാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.2K