22 January, 2020 04:59:40 PM


നേപ്പാള്‍ ദുരന്തം: പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലേക്ക്



കാഠ്മണ്ഡു : വിനോദയാത്രയുടെ ഭാഗമായി നേപ്പാളിലെത്തി ഹോട്ടലില്‍ മരണപ്പെട്ട എട്ടു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്.


വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്നും നാട്ടിലേയ്ക്ക് അയക്കും. എംബാം ചെയ്ത മൃതദേഹങ്ങള്‍ വിമാനമാര്‍ഗ്ഗമാകും ഡല്‍ഹി വഴിയാകും നാട്ടിലെത്തിക്കുക. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതില്‍ പിന്നീട് മാറ്റം വരുത്തുകയും ഒരു വിമാനത്തില്‍ തന്നെ കൊണ്ടുപോകാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.


നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികളായ എട്ടു മലയാളികളെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച,അഭിനവ്, എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം. മറ്റൊരു മുറിയിലായിനാല്‍ രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് രക്ഷപെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K