21 January, 2020 10:39:07 AM


പെരുമ്പാവൂര്‍ ഓടക്കാലി പള്ളിയിൽ സംഘര്‍ഷം: ഗേറ്റിന്‍റെ പൂട്ട് പൊലീസ് പൊളിച്ചു



പെരുമ്പാവൂര്‍: ഓടക്കാലി സെന്‍റ് മേരീസ് പള്ളിയിൽ സംഘര്‍ഷം. കോടതി വിധി നടപ്പാക്കുന്നതിനായി പൊലീസെത്തിയപ്പോള്‍ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ സംജാതമായത്. കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. 


പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് താഴ് മുറിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായി. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിനു പിൻമാറേണ്ടി വന്നു. സമാധാന പരമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ പൊലീസിന്റെ ശ്രമം.


ഗേറ്റിന്‍റെ താഴ് പൊളിക്കുന്നതിനു മുമ്പ് മതിൽ ചാടിക്കടന്ന് അകത്തുള്ളവരെ പുറത്താക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശക്തമായി പ്രതിരോധിച്ചു. പള്ളി വിട്ടുകൊടുക്കാൻ യാതൊരു കാരണവശാലും തയാറല്ലെന്ന നിലപാടിലാണ് വിശ്വാസികൾ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസവും ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് അതിന് കഴിഞ്ഞിരുന്നില്ല. തഹസിൽദാർ എത്തിയ ശേഷം പ്രവേശിപ്പിക്കാം എന്ന നിലപാടിലാണ് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K