20 January, 2020 07:49:05 PM


മംഗളൂരു വിമാനത്താവളത്തിലെ ബോംബ്: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്



മംഗളൂരു : മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.ബോംബ് നിര്‍വീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തമാക്കി.


മുഖംമറച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ബോംബ് കണ്ടെത്തിയ സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K