19 January, 2020 07:38:57 PM


തമിഴ്നാട്ടില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു



കോയമ്പത്തൂർ: കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിൽ ട്രെക്കിങ്ങിന് പോയ മലയാളി യുവതി മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂർ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെഏഴരയോടെയായിരുന്നു സംഭവം.


ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉൾപ്പെടെ ആകെ ഒമ്പതുപേരാണ് പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിലെ പാലമലയിൽനിന്ന് വനത്തിലേക്ക് ട്രക്കിങ്ങിന് പോയത്. ദമ്പതിമാർ കാറിലും സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിലുമാണ് പാലമലയിൽ എത്തിയത്. തുടർന്ന് വനത്തിനുള്ളിലേക്ക് ട്രക്കിങ് നടത്തുകയായിരുന്നു. ഇതിനിടെ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു.


ആനയെ കണ്ട് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭർത്താവും സുഹൃത്തുക്കളും തന്നെയാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അതേസമയം, മുൻകൂർ അനുമതി വാങ്ങാതെയാണ് ഒമ്പതംഗസംഘം വനത്തിലേക്ക് ട്രെക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K