16 January, 2020 07:44:12 PM


പത്രപ്രവര്‍ത്തകനോട് മോശമായി പെരുമാറി; സെന്‍കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകര്‍



തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവര്‍ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് യൂണിയന്‍ അംഗങ്ങള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ ടി പി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബും പ്രതിഷേധിച്ചു.


തങ്ങള്‍ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാന്‍മൂളികളാണു മാധ്യമപ്രവര്‍ത്തകര്‍ എന്നു ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാന്‍ കഴിയൂ. വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയല്‍ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്‍റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയില്‍ തള്ളേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരുെട ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത ടി പി സെന്‍കുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടത്.


താന്‍ പറയാന്‍ വന്നതു മാത്രമേ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കാന്‍ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേര്‍ അവകാശിയാണ് താന്‍ എന്ന് സെന്‍കുമാര്‍ തെളിയിക്കുകയാണ്. ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നയാള്‍ക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല. എന്തു പിന്‍ബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാന്‍ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു നേതാക്കളോടും ചോദ്യങ്ങള്‍ ഉന്നയിച്ചുതന്നെയാണ് മാധ്യമപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. അതറിയാത്ത ആളല്ല സെന്‍കുമാര്‍. എന്നിട്ടും തികഞ്ഞ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു മുന്‍ ഡിജിപി.


വാര്‍ത്താസമ്മേളന ഹാളില്‍ ക്രിമിനല്‍ മനസ്സുള്ള അനുയായിക്കൂട്ടത്തെ നിറച്ചിരുത്താന്‍ ആരാണ് ഇയാള്‍ക്ക് അനുവാദം നല്‍കിയത്? ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചു പുറത്താക്കാന്‍ നിര്‍ദേശിക്കാനും മുന്‍ ഡിജിപിക്കെന്നല്ല ഒരാള്‍ക്കും ഒരു ഭരണഘടനയും അധികാരം നല്‍കിയിട്ടില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. സംഭവത്തില്‍ സെന്‍കുമാറിനെതിരെ റഷീദ് തിരുവനന്തപരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ പരാതി നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ നാളെ ഡിജിപിയ്ക്ക് പരാതി നല്‍കും. സെന്‍കുമാറിന്‍റെ പരിപാടികള്‍ ബഹിഷ്കരിക്കാനുള്ള നീക്കവും ഇതിനിടെ നടക്കുന്നുണ്ടെന്നാണ് സൂചന.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K