14 January, 2020 11:06:15 PM


ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം



മുംബൈ: ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തിനിടെ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി കാണികള്‍. വെള്ളഷര്‍ട്ടും ബാനറുമായി ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഗാലറിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പൗരത്വനിയമം, ദേശീയ ജനസംഖ്യ പട്ടിക, പൗരത്വരജിസ്റ്റര്‍ എന്നിവ രാജ്യത്ത് വേണ്ട എന്നി മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഇന്നത്തെ മത്സരം. പ്രതിഷേധം സംഘടിപ്പിച്ചവര്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന മുംബൈയിലെ വിദ്യാര്‍ഥികളാണ്.


അതേസമയം ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയ്ക്ക് പത്തുവിക്കറ്റ് ജയം. ഇന്ത്യയുടെ 256 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 37.04 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് വിജയശില്‍പ്പികള്‍. ഇരുവരും സെഞ്ച്വുറി നേടി.


90 പന്തില്‍ നിന്നാണ് വാര്‍ണര്‍ സെഞ്ച്വുറി നേടിയത്. ഇതോടെ ഏകദിനത്തില്‍ വാര്‍ണറുടെ സെഞ്ച്വുറി നേട്ടം പതിനെട്ടായി. 104 പന്തില്‍ നിന്നാണ് ഫിഞ്ച് സെഞ്ച്വറി നേടിയത്. ഏകദിനത്തില്‍ ഫിഞ്ചിന്റെ സെഞ്ച്വുറി നേട്ടം പതിനാറായി. മൂന്ന് സിക്സുകളും 17 ഫോറുകളും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്സ്. വാര്‍ണര്‍ പുറത്താകാതെ 128 റണ്‍സ് നേടി. ആരോണ്‍ ഫിഞ്ച് രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ പതിമൂന്ന് ഫോറുകള്‍ തന്റെ ഇന്നിങ്സില്‍ കോറിയിട്ടു. 110 റണ്‍സാണ് ഫിഞ്ചിന്റെ സമ്ബാദ്യം.49.1 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഇന്ത്യയെ ഉജ്ജ്വല ബൗളിങിലൂടെ ഓസീസ് വരുതില്‍ നിര്‍ത്തുകയായിരുന്നു.


ഒന്നിന് 134 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറവെ, 30 റണ്‍സിനിടെ തുടരെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഈ തകര്‍ച്ചയില്‍ നിന്ന് ഋഷഭ് പന്ത് രവീന്ദ്ര ജഡേജ സഖ്യം അല്‍പ്പം പിടിച്ച് നിന്നതോടെയാണ് ഇന്ത്യ 200 കടന്നത്. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി കുല്‍ദീപ് യാദവ് സഖ്യം സ്‌കോര്‍ 250 കടത്തി.


ഇന്ത്യക്കായി ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. ധവാന്‍ 74 റണ്‍സാണ് കണ്ടെത്തിയത്. കെല്‍ രാഹുല്‍ (47), പന്ത് (28), ജഡേജ (25) എന്നിവരും പിടിച്ചു നിന്നു. രോഹിത് ശര്‍മ (പത്ത്), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവര്‍ക്ക് അധികം തിളങ്ങാന്‍ സാധിച്ചില്ല. കുല്‍ദീപ് 17 റണ്‍സും മുഹമ്മദ് ഷമി 10 റണ്‍സും നേടി. ബുമ്റ പുറത്താകാതെ നിന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K