12 January, 2020 08:06:10 AM


മരടിലെ ഗോള്‍ഡന്‍ കായലോരവും ജയിനും ഇന്ന് നിലംപൊത്തും: പ്രദേശത്ത് നിരോധനാജ്ഞ



കൊച്ചി: എച്ച്ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറല്‍കോവും ഇന്ന് നിലംപൊത്തും. രാവിലെ 11 മണിക്ക് ജയിനും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലുടെ തകര്‍ക്കും. രണ്ടു സ്‌ഫോടനങ്ങളും എഡിഫേസ് കമ്പനിയാണ് നടത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കും.


സ്‌ഫോടനത്തിനു മുന്നോടിയായുള്ള അവസാന പരിശോധനകള്‍ പുരോഗമിക്കുകയാണ്. ആദ്യം പൊളിക്കുന്ന ജയിന്‍ കോറല്‍കോവില്‍ അവസാനവട്ട പരിശോധനകള്‍ക്കായി വിദഗ്ധ സംഘം എത്തി. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു വരെ പ്രദേശത്ത് നിരോധനാജ്ഞയാണ്. സ്‌ഫോടനത്തിന്റെ അവശിഷ്ടം കായലിലേക്ക് പതിക്കില്ലെന്ന് എഡിഫേസ് എഞ്ചിനീയറിങ് സംഘം വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനു ശേഷം നടപടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിക്കും. തീരദേശ പരിപാലന നിയമലംഘനതതില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അടുത്ത നടപടി എന്താകും എന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. മറുവശത്ത് ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും ഉയരുകയാണ്. ഇതിനു പുറമെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും റിപ്പോര്‍ട്ടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K