09 January, 2020 09:38:50 PM


സിറ്റി ഗ്യാസ് പദ്ധതി തൃക്കാക്കരയിൽ ഏപ്രിലിൽ പൂർത്തിയാകും: എറണാകുളം കളക്ടർ




കൊച്ചി:  സിറ്റി ഗ്യാസ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ  ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നിർദ്ദേശം. നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഭരണസമിതിയും നടത്തിപ്പുകാരും തമ്മിലുണ്ടായിരുന്ന തർക്കം ജില്ലാ കളക്ടർ ഇടപെട്ട് പരിഹരിച്ചു. കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ഇന്നലെ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ഉദ്യോഗസ്ഥരുമായും തൃക്കാക്കര ഭരണ സമിതിയുമായി നടന്ന ചർച്ചയിലാണ് പരിഹാരം.


പൈപ്പ് ലൈൻ വലിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചത് റീ ടാർ ചെയ്യാതിരുന്നതാണ് തർക്കത്തിന് പ്രധാന കാരണമായത്. മുനിസിപ്പാലിറ്റിയിലെ ആറ് വാർഡുകളിലാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. ഇതു വരെ നടത്തിയ പണികൾ പൂർത്തിയാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ഭരണസമിതി ഉറച്ചു നിൽക്കുകയായിരുന്നു. കുത്തിപ്പൊളിച്ച റോഡുകൾ ജനുവരി 20 നുള്ളിൽ പുനസ്ഥാപിക്കാൻ കളക്ടർ നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകി.


അടുത്ത പണികൾ തുടങ്ങി 15 ദിവസത്തിനുള്ളിൽ തന്നെ മുഴുവൻ പണികളും പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. ഓരോ ഘട്ടമായാണ് പണികൾ നടത്തേണ്ടത്. ആറ് വാർഡുകൾ പൂർത്തീകരിച്ച ശേഷം മാത്രമേ അടുത്ത ആറ് വാർഡുകൾ തുടങ്ങാവൂ. ഓരോ ദിവസവും ജോലിയുടെ പുരോഗതി അറിയിക്കണം. മാത്രമല്ല ഓരോ ആഴ്ചയിലും ഇതമായി ബന്ധപ്പെട്ട മീറ്റിംഗ് കളക്ട്രറ്റിൽ ചേരണം.


പ്രവർത്തികളിൽ വീഴ്ച വരുത്തിയാൽ നടത്തി പ്പുകാരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും തുക ഈടാക്കാൻ മുനിസിപ്പാലിറ്റിക്ക് കളക്ടർ അനുമതി നൽകി. തൃക്കാക്കരയിൽ 43 വാർഡുകളിലായി 40,000 കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റി മുൻകൈ യെടുത്താണ് പദ്ധതി ഇത്രയും വിപുലമായി നടത്തുന്നത്. 2020 ഏപ്രിൽ മാസത്തോടെ തൃക്കാക്കരയിലെ ജോലികൾ പൂർത്തിയാക്കും. അടുത്തതായി ഏലൂർ മുനിസിപ്പാലിറ്റിയിലാണ് പദ്ധതി നടപ്പിലാക്കുക.


നവംബർ മാസത്തോടെ ഒരു ലക്ഷം പേരിൽ പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും കളക്ടർ അറിയിച്ചു. ചർച്ചയിൽ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പദ്ധതി അസറ്റ് ഹെഡ് അജയ് പിള്ള , തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ ഉഷാ പ്രവീൺ, സെക്രട്ടറി പി.എസ്.ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K