08 January, 2020 12:45:28 PM


അപകടങ്ങള്‍ തുടര്‍ക്കഥയായി; ശക്തിനഗര്‍ റോഡില്‍ നാട്ടുകാര്‍ വാഴകള്‍ നട്ട് പ്രതിഷേധിച്ചു



ഏറ്റുമാനൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ റോഡില്‍ വാഴകള്‍ നട്ട് നാട്ടുകാരുടെ പ്രതിഷേധം. ഏറ്റുമാനൂര്‍ നഗരസഭ 34-ാം വാര്‍ഡിലെ ശക്തിനഗര്‍ റോഡിലാണ് ദേശീയ പണിമുടക്ക് ദിനത്തില്‍ നാട്ടുകാര്‍ വാഴകള്‍ നട്ടത്. ഏറ്റുമാനൂര്‍ നഗരസഭയെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെയും വേര്‍തിരിക്കുന്ന റോഡിന്‍റെ ശോചനീയവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമില്ലാതെ വന്നതിനെ തുടര്‍ന്നായിരുന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശവാസികള്‍ രംഗത്തെത്തിയത്.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് നഗരസഭ ആയതിനു ശേഷം ഇന്നേവരെ ഈ റോഡില്‍ അറ്റകുറ്റപണികള്‍ പോലും നടത്തിയിട്ടില്ല. എം.സി.റോഡിനെയും നീണ്ടൂര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്‍റെ തുടക്കത്തിലുള്ള വലിയ കയറ്റത്തിലാണ് ടാറിംഗ് പൊട്ടിപൊളിഞ്ഞ് ഗട്ടറുകള്‍ ഏറെയും രൂപം കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനകം പത്തിലധികം അപകടങ്ങള്‍ ഇവിടെ നടന്നു. അപകടത്തില്‍പെട്ടത് ഭൂരിഭാഗവും ഇരുചക്രവാഹനയാത്രികരും. ടാറിംഗ് പൊളിഞ്ഞ് ഉണ്ടായ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രിക റോഡിലൂടെ ഉരുണ്ടതും അടുത്ത നാളിലാണ്.


വാര്‍ഡില്‍ ഇപ്പോഴും നല്ല രീതിയില്‍ കിടക്കുന്ന റോഡുകള്‍ പോലും ടാറിംഗും കോണ്‍ക്രീറ്റും നടത്തുമ്പോള്‍ തീര്‍ത്തും ഗതാഗതയാഗ്യമല്ലാതായ റോഡിന്‍റെ കാര്യത്തില്‍ വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അധികൃതരും കണ്ണടച്ച് ഇരുട്ടാക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മാരിയമ്മന്‍കോവിലിനു സമീപവും പടിഞ്ഞാറെ നടയിലും പണികള്‍ നടക്കുന്നത് മുന്‍വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വര്‍ക്കുകളുടെ സ്പില്‍ ഓവറാണെന്നാണ് കൌണ്‍സിലര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ ശക്തിനഗര്‍ റോഡും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടാതാണെന്നാണ് നാട്ടുകാരുടെ പക്ഷം. 


2018 -19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിരേഖയില്‍ ശക്തിനഗര്‍ റോഡ് ടാറിംഗിന് മെയിന്‍റനന്‍സ് ഫണ്ടില്‍ ഒന്നര ലക്ഷവും ശക്തിലെയിന്‍ റോഡ് മെറ്റലിംഗിനും ടാറിംഗിനും തനത് ഫണ്ടില്‍ 490000 രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ സ്വകാര്യവഴിയായ ശക്തിലെയിന്‍ നേരത്തെ തന്നെ ടാറിംഗ് ജോലികള്‍ കഴിഞ്ഞു കിടക്കുന്നതാണ്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ 490000 ശക്തിനഗര്‍ റോഡിനുള്ളതാണെന്നും കമ്പ്യൂട്ടറില്‍ കയറ്റിയപ്പോള്‍ തുക മാറിപ്പോയതാണെന്നും പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി ഫ്രാന്‍സിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയായതിനാല്‍ ഈ റോഡും സ്പില്‍ ഓവറില്‍ വരേണ്ടതാണെന്നും അവര്‍ പറഞ്ഞു.


എന്നാല്‍ സാമ്പത്തികപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരാറുകാര്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ വരുന്നതാണ് പ്രശ്നമെന്നും വിജി ഫ്രാന്‍സിസ് ചൂണ്ടികാട്ടി. അപകടങ്ങള്‍ കുറയ്ക്കാനായി തല്‍ക്കാലം കുഴികള്‍ മൂടുകയെങ്കിലും ചെയ്യണമെന്ന ആവശ്യത്തോട് പെറ്റി വര്‍ക്കില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ ചെയര്‍മാന്‍ അനുവാദം നല്‍കേണ്ടതുണ്ടെന്നാണ് അവര്‍ പ്രതികരിച്ചത്. ഇതിനിടെ നാട്ടുകാരും റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൌണ്‍സിലര്‍ ഏര്‍പ്പെടുത്തിയ ഒരു കരാറുകാരന്‍ കുറെ കെട്ടിട അവശിഷ്ടങ്ങള്‍ വഴിയില്‍ കൊണ്ടുവന്നു നിരത്തി.


എവിടെയോ കെട്ടിടം പൊളിച്ചതിന്‍റെ കമ്പിയും കരിങ്കല്ലും കട്ടയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ റോഡില്‍ നിരത്തി കരാറുകാരന്‍ തടിതപ്പി. ഫലമോ അപകടങ്ങളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു. കമ്പി കുത്തികയറി വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാവുന്നത് പതിവായി. നേരത്തെ വന്‍ കിടങ്ങുകളായിരുന്നുവെങ്കില്‍ ഇപ്പോള്‍ റോഡില്‍ നിറയെ കല്ലുകള്‍ നിരന്നുകിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ നിരന്തരം മറിയുന്നതിനും കാരണമായി. എന്നിട്ടും വര്‍ക്ക് എടുക്കാന്‍ ആളില്ലാ എന്നു പറഞ്ഞ് തടിതപ്പുകയാണ് കൌണ്‍സിലറും നഗരസഭാ അധികൃതരും.


പ്രതിഷേധ സമരത്തിന് ശിവപ്രസാദ്, എം.എസ്.അപ്പുകുട്ടന്‍ നായര്‍, പി.എം.ബാബു, പി.ജി.രാധാകൃഷ്ണന്‍, നിര്‍മ്മല, മുരളി മേനോന്‍, ചന്ദ്രന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K