07 January, 2020 07:16:15 AM


വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാല് മരണം; മരിച്ചവര്‍ ക്ഷേത്രദര്‍ശനത്തിന് പോയവര്‍



വൈക്കം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. വൈക്കം - കോട്ടയം റോഡില്‍ ചേരുംചുവട് ജംഗ്ഷന് സമീപം ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഉദയംപേരൂര്‍ സ്വദേശികളായ കാര്‍ യാത്രികരാണ് മരിച്ചവര്‍. മരിച്ച ഉദയംപേരൂര്‍ മണകുന്നം മനയ്ക്കപറമ്പില്‍ വിശ്വനാഥന്‍ (65), ഭാര്യ ഗിരിജ (61), മകന്‍ സൂരജ് (33), സൂരജിന്‍റെ ചിറ്റ അജിത (48) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല വേളോര്‍വട്ടം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍.



വൈക്കം - എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'ലിറ്റില്‍ റാണി' എന്ന സ്വകാര്യബസ് ഉദയംപേരൂരില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉല്ലലയില്‍ നിന്നും വൈക്കം ബസ് സ്റ്റാന്‍റിലേക്ക് സര്‍വ്വീസ് തുടങ്ങാനായി എത്തും വഴി ബസ് ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ കാറിലിടിക്കുകയായിരുന്നു. കാറിനെയും കൊണ്ട് മുന്നോട്ട് നീങ്ങിയ ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. കാര്‍ തലകീഴായി മറിഞ്ഞ കാറിന് മുകളിലായി ബസിന്‍റെ മുന്‍ചക്രങ്ങള്‍. 



അമിതവേഗതയിലായിരുന്ന ബസില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. സൂരജ് വിശ്വനാഥിനെ വാഹനരജിസ്ട്രേഷൻ രേഖയും ആധാറും ലഭിച്ചതുമൂലം ആദ്യം പോലീസ് തിരിച്ചറിഞ്ഞു. പിന്നാലെ വൈക്കം പോലീസ് ഉദയംപേരൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ച ശേഷമാണ് മറ്റുള്ളവര്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K