02 January, 2020 11:51:47 AM


'വെള്ളത്തിനടിയിൽ' യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: സര്‍ഫിംഗ് പരിശീലകനെതിരെ കേസ്



തിരുവനന്തപുരം: വെള്ളത്തിനടിയില്‍ വിനോദസഞ്ചാരിയായ യുവതിയ്ക്ക് നേരെ  ലൈംഗികാതിക്രമണം നടന്നതായി പരാതി. വര്‍ക്കല ബീച്ചിലെ സര്‍ഫിംഗ് പരിശീലകനെതിരെ പോലീസ് കേസെടുത്തു. മുബൈ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചതായും ഇതിനിടെ ആരോപണം ഉയര്‍ന്നു. വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ നടപടി എടുക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞെന്നായിരുന്നു യുവതിയുടെ ആരോപണം.


പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ച പൊലീസ് മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി അപമാനിച്ചെന്നും ഇവര്‍ ആരോപിച്ചു. ആദ്യം പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാന്‍ തയാറായില്ല. പ്രതിക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.


ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനമുള്ളതിനാല്‍ തിരക്കുണ്ടെന്ന് പൊലീസ് പറഞ്ഞതിനെത്തുടര്‍ന്ന് താന്‍ മടങ്ങിപ്പോകുകയായിരുന്നവെന്നും യുവതി പറയുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി എത്തിയപ്പോഴാണ് 'വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം' എന്നുമുള്ള മറുപടി ലഭിച്ചത്. എന്നാല്‍ യുവതിയുടെ ആരോപണം പോലീസ് നിഷേധിച്ചു.


കഴിഞ്ഞ 28ന് വൈകിട്ടായിരുന്നു സംഭവം. തീരദേശ പൊലീസാണ് വിഷയത്തില്‍ കേസ് എടുക്കേണ്ടത്. എന്നിരുന്നാലും യുവതിയുടെ വാക്കുകളില്‍ നിന്ന് പരാതി ശരിയാണോ എന്ന് അന്വേഷിക്കണമെന്ന് തോന്നി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സര്‍ഫിംഗ് പരിശീലനം കഴിഞ്ഞ് ഫീസ് നല്‍കുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് പരാതിയില്‍ കലാശിച്ചതെന്ന് അറിയുവാനായി. എങ്കിലും ലൈംഗികമായി അതിക്രമിച്ചു എന്ന പരാതിയില്‍ 29ന് തന്നെ പരിശീലകന്‍ ടിപ്പുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വര്‍ക്കല എസ്ഐ ശ്യാം കൈരളി വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K