01 January, 2020 09:25:41 PM


പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷകളുമായി ശബരിമല വിമാനത്താവളം



പത്തനംതിട്ട : പുതുവര്‍ഷത്തില്‍ പ്രതീക്ഷകളുമായി ശബരിമല വിമാനത്താവളം. സ്‌പെഷല്‍ ഓഫിസറായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസിനെ നിയമിച്ചതാണ് പ്രധാന നീക്കം. ദില്ലിയില്‍ വ്യോമയാന മന്ത്രാലയം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ സ്‌പെഷല്‍ ഓഫിസര്‍ എ.കെ.വിജയകുമാറിനും ചുമതല നല്‍കി. 


കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള ആദ്യ ചുവടുകളെക്കുറിച്ച് തുളസീദാസ് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കണ്‍സല്‍റ്റന്‍സിയായി വ്യവസായ വികസന കോര്‍പറേഷനെ (കെഎസ്‌ഐഡിസി) നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.


ഇവര്‍ ചുമതലപ്പെടുത്തിയത് അനുസരിച്ച് ലൂയി ബ്ഗര്‍ കണ്‍സല്‍റ്റിങ് എന്ന സ്ഥാപനം വിമാനത്താവളത്തിന്റെ സാധ്യതാ പഠനം (ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി) നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകരും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രവാസികളും വിനോദസഞ്ചാരികളും യാത്രക്കാരായി ഉണ്ടാവുമെന്നതിനാല്‍ ലാഭകരമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തുളസീദാസ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K