30 December, 2019 03:32:53 PM


ടാറിട്ടതിന്‍റെ പിറ്റേന്ന് റോഡ് കുത്തിപ്പൊളിച്ച് ജല അതോറിറ്റി; കൊച്ചിയിൽ ഉപരോധം



കൊച്ചി: മാസങ്ങളായി തകര്‍ന്നു കിടന്ന റോഡ് ടാറിട്ടതിനു പിന്നാലെ കുത്തിപ്പൊളിച്ച് ജല അതോറിറ്റി. കഴിഞ്ഞ ദിവസം ടാര്‍ ചെയ്ത പൊന്നുരുന്നി പാലത്തിന്റെ അപ്രോച്ച് റോഡാണ് വീണ്ടും പൊളിച്ചത്. ഇതേത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ചാണ് ജല അതോറിറ്റിയുടെ നടപടി. റോഡിന്‍റെ പകുതിയോളം വെട്ടിപ്പൊളിച്ചു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാർ റോഡുപരോധിച്ചത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.


കലക്ടര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ ഉപരോധത്തില്‍ നിന്നു പിന്‍മാറൂവെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതേത്തുടർന്ന് കളക്ടർ സ്ഥലത്തെത്തി. കഴിഞ്ഞ എട്ടുമാസമായി ജല അതോറിറ്റി, പൈപ്പ് ഇടുന്നതിനു വേണ്ടി റോഡിന്റെ ഇരുഭാഗവും റോഡിലേയ്ക്ക് കയറി കുഴിയെടുത്ത് ടാറിങ് നടത്താതെ ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടാറിങ് പൂര്‍ത്തിയാതിനു പിന്നാലെയാണ് വീണ്ടും കുഴിയെടുത്തത്. വൈകിട്ട് കളക്ടറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K