30 December, 2019 10:26:14 AM


ടീ ഷർട്ടിൽ പാമ്പിന്‍റെ ചിത്രം: പത്തു വയസുകാരന്‍റെ വസ്ത്രം അഴിപ്പിച്ച് എയർപോർട്ട് അധികൃതർ



ജൊഹനാസ്ബർഗ്: പാമ്പിന്‍റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച പത്തു വയസുകാരനോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ്ബർഗ് റ്റാംബോ എയര്‍പോർട്ടിലാണ് സംഭവം. സ്റ്റീവ് ലൂക്കസ് എന്ന പത്തു വയസുകാരന്‍റെ മാതാപിതാക്കൾ പരാതിയുമായെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.


ന്യൂസിലാൻഡുകാരനായ ലൂക്കസ്, മുത്തശ്ശിയെ കാണാനായാണ് മാതാപിതാക്കൾക്കൊപ്പം സൗത്ത് ആഫ്രിക്കയിലെത്തിയത്. മടക്കയാത്രയ്ക്കെത്തിയപ്പോഴാണ് എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ചത്. പച്ച നിറമുള്ള ഒരു പാമ്പിന്‍റെ ചിത്രമായിരുന്നു ടീ ഷർട്ടിലുണ്ടായിരുന്നത്. ഇത് മറ്റ് യാത്രക്കാർക്കിടയിൽ ഉത്ക്കണ്ഠ പരത്തുമെന്ന് അറിയിച്ചാണ് എയർപോർട്ട് അധികൃതർ വിമാനത്തിൽ കയറുന്നതിന് മുമ്പായി വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്.


ഒടുവിൽ വസ്ത്രം ഊരി തിരിച്ചിട്ടാണ് ലൂക്കസ് വിമാനത്തിൽ കയറിയത്. മറ്റു യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ദോഷകരമാകുന്ന വസ്തുക്കൾ തിരിച്ചറിയാനും ഒഴിവാക്കാനും തങ്ങൾക്ക് എല്ലാവിധ അവകാശവും ഉണ്ടെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതിനെ തുടർന്ന് ഇവർ വിമാനക്കമ്പനിക്ക് നേരിട്ട് പരാതി അയച്ചു. സംഭവം ശ്രദ്ധയിൽപെടുത്തിയ കുടുംബത്തിന് നന്ദി അറിയിച്ച വിമാനക്കമ്പനി അധികൃതർ, വിമാനത്തിലെ വസ്ത്രധാരണ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മറുപടി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K