28 December, 2019 09:23:17 PM


ഒടുവിൽ ലക്ഷ്മി അമ്മാൾ കൊച്ചനിയന് സ്വന്തം; വിവാഹം വൃദ്ധസദനത്തില്‍



തൃശ്ശൂർ : ഒടുവിൽ അവർ ഒന്നായി 22 വർഷം നീണ്ട പ്രണയത്തിന് ശേഷം.  അറുപത്തിയാറുകാരി ലക്ഷ്മി അമ്മാളിന് അറുപത്തിയേഴുകാരൻ കൊച്ചനിയൻ താലി ചാർത്തി. തൃശ്ശൂർ വൃദ്ധസദനത്തിൽ ലളിതമായിരുന്നു ചടങ്ങുകൾ. ചുവപ്പ് പട്ടുസാരി ചുറ്റി പാലയ്ക്കാമാലയും മുല്ലപ്പുവും ചൂടി ലക്ഷ്മി അമ്മാൾ കതിർ മണ്ഡപത്തിൽ എത്തി. ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു കൊച്ചനിയന്‍റെ വേഷം.


മന്ത്രി വി എസ് സുനിൽ കുമാറിന്റെയും മേയർ അജിത വിജയന്റയും സാന്നിധ്യത്തിൽ താലി ചാർത്തി മാലയിട്ട് ഇരുവരും വിവാഹിതരായി. വൃദ്ധസദനത്തിലെ വിവാഹം കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. വൃദ്ധസദനത്തിൽ സദ്യയും ഒരുക്കിയിരുന്നു. വൃദ്ധസദനത്തിലെ അധികൃതർ മുൻ കൈ എടുത്താണ് വിവാഹം. ഇരുവർക്കുമായി ഒരു ഫാമിലി റൂം തയ്യാറാക്കിയിട്ടുണ്ട്.



ഭർത്താവ് മരിച്ചതോടെ 22  വർഷമായി ലക്ഷ്മി അമ്മാൾ തനിച്ചാണ്. ഭർത്താവിന്റെ സുഹൃത്തായിരുന്ന കൊച്ചനിയനും ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായിരുന്നു. കരുതലിന്റെയും സ്നേഹത്തിന്റെയും തുടർച്ചയിൽ പരസ്പരം തണലാകാമെന്ന് കൊച്ചനിയൻ നേരത്തേ തന്നെ അമ്മാളിനോട് പറഞ്ഞതാണ്. പക്ഷേ ലക്ഷ്മി അമ്മാളിന് അന്ന് സമ്മതമായിരുന്നില്ല. 


ഒന്നര വർഷം മുമ്പ് ലക്ഷ്മി അമ്മാൾ തൃശൂർ വൃദ്ധ സദനത്തിലെത്തി. രോഗിയായ കൊച്ചനിയനും പിന്നാലെ എത്തി. ഇടവേളയ്ക്ക് ശേഷം വൃദ്ധ സദനത്തിലെ  കൂടിക്കാഴ്ച വിവാഹത്തിലെത്തി. ഇനി പിരിയാൻ ഇടവരല്ലേയെന്നാണ് പ്രാർത്ഥനയെന്ന് ലക്ഷി അമ്മാൾ. അമ്മാളിന്‍റെ കൈ പിടിച്ച് ആദ്യം വടക്കുംനാഥനെ കാണണമെന്നാണ് ആഗ്രഹമെന്ന് കൊച്ചനിയൻ പറഞ്ഞു.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K