27 December, 2019 07:03:02 PM


പ്രതിഷേധത്തിനിടെ ദില്ലിയില്‍ സംഘര്‍ഷം; ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് കസ്റ്റഡിയിൽ



ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ യു.പി ഭവനു മുന്നില്‍ സംഘർഷം. പെൺകുട്ടികളടക്കമുള്ള പ്രതിഷേധക്കാരെ  പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്‍റ് മുഹമ്മദ് റിയാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്.


വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലിയിലുടനീളം കനത്ത സുരക്ഷ ഏര്‍പ്പാടുക്കുകയും വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജാമിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്  യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്. പൊലീസിന്‍റെ കനത്ത സുരക്ഷക്കിടയിലും പെണ്‍കുട്ടികളടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനെത്തി.


നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ദില്ലി ജമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുകള്‍ ഇപ്പോഴും തുടരുകയാണ്. പൊലീസ് കടുത്ത പ്രതികാര നടപടികളാണ് പ്രതിഷേധക്കാര്‍ക്കെതിരെ നടത്തി വരുന്നതെന്നും മനുഷ്യാവാകശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും ആരോപണമുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K