27 December, 2019 06:42:11 PM


ചലച്ചിത്ര, ടിവി താരം കുശാൽ പഞ്ചാബി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ



‌മുംബൈ: ചലച്ചിത്ര, ടിവി താരം കുശാൽ പഞ്ചാബിയെ മുംബൈയിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. നൈലോൺ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായും ബാന്ദ്ര പൊലീസ് അറിയിച്ചു. മരണത്തിന് 22 മണിക്കൂർ മുൻപ് മകൻ കിയാന്റെ കൂടെയുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ കുശാൽ അവസാനമായി പങ്കുവെച്ചത്. തന്റെ സ്വത്തിന്റെ 50 ശതമാനം മാതാപിതാക്കൾക്കും സഹോദരിക്കും തുല്യമായും ബാക്കി സ്വത്ത് മൂന്നു വയസ്സുള്ള മകൻ കിയാനും നൽകണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.


2015ലാണ് ഔദ്രെ ദോഹനെ കുശാൽ വിവാഹം ചെയ്തത്. ബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസ് നടക്കുകയാണ്. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടാണു കുശാലിന്റെ മരണത്തിന്റെ യഥാർഥ കാരണമെന്നു സുഹൃത്തുക്കൾ ആരോപിക്കുന്നു. കുശാലിന്റെ അകാല വേർപാടിൽ നിരവധി സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളിൽ ദുഃഖം പങ്കിട്ടത്. ലവ് മാര്യേജ്, സിഐഡി, ദേഖോ മഗർ പ്യാർ സേ, കബി ഹാൻ കബി നാ, കസംസേ, ഫിയർ ഫാക്ടർ തുടങ്ങിയ ടി വി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു. ലക്ഷ്യ, കാൽ, ധൻ ധനാ ധൻ ഗോൾ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K