26 December, 2019 09:34:52 PM


തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി: അയ്യനെ തൊഴുത് ആയിരങ്ങള്‍; നാളെ മണ്ഡലപൂജ


Thanka Anki Procession, Sabarimala


ശബരിമല: തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും നടന്നു. ഭക്തിസാന്ദ്രമായ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് ആണ് സ്വീകരിച്ചത്. തുടര്‍ന്ന് സോപാനത്തെ കൊടിമരച്ചുവട്ടില്‍ വെച്ച് ആചാരപ്രകാരം തങ്കയങ്കി തന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപരാധാന നടന്നു. നാളെ മണ്ഡലപൂജ.


സൂര്യഗ്രഹണത്തെ തുടര്‍ന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സന്നിധാനത്ത് ഭക്തരുടെ തിരക്ക് കുറവാണ്. സൂര്യഗ്രഹണം കണക്കിലെടുത്ത് ഏഴര മുതല്‍ നാല് മണിക്കൂര്‍ നടയടയ്ക്കുമെന്ന് നേരത്തെ അറിയിച്ചതിനാല്‍ പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാളെയാണ് 41 ദിവസത്തെ മണ്ഡല കാലത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക. നാളെ രാത്രിയോടെ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്കിനായി 30 നാണ് നട തുറക്കുക.


ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്രആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് 451 പവനോളം തൂക്കം വരുന്ന തങ്കയങ്കി അയ്യപ്പന് സമര്‍പ്പിച്ചത്. പമ്പ ഗണപതി കോവിലിന്റെ മുമ്പില്‍ നിന്ന് അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരാണ് തലച്ചുമടായി തങ്കയങ്കി സന്നിധാനത്ത് എത്തിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K