25 December, 2019 03:34:05 PM


തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുന്നു; പോലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡിന് അമര്‍ഷം



ശബരിമല : ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇടത്താവളങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുന്ന പോലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡിന് അമര്‍ഷം . എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂര്‍, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് പോലീസ് വണ്ടികള്‍ തടഞ്ഞിടുന്നത്. ഇതുമൂലം പത്ത് മണിക്കൂര്‍ വരെ കാത്തിരുന്നാണ് അയ്യപ്പന്മാര്‍ സന്നിധാനത്ത് എത്തുന്നത്. ഇടത്താവളങ്ങളില്‍ കനത്ത തിരക്കും നീണ്ട വാഹന കുരുക്കും ഉണ്ടെങ്കിലും സന്നിധാനത്ത് ആ തിരക്ക് ഇല്ല . പതിനെട്ടാം പടി കയറുന്നതിന് പോലും വലിയ തിരക്കില്ല. 


തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അയ്യപ്പന്മാരെ ഇടത്താവളങ്ങളില്‍ തടയുന്നത്. ഭക്തരെ വഴിയില്‍ തടഞ്ഞിടുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സംയുക്ത യോഗത്തില്‍ ബോര്‍ഡ് അധികൃതര്‍ പോലീസിനെതിരെരംഗത്ത് വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ ബുധനാഴ്ച രാവിലെ ആറു വരെ 1.16 ലക്ഷം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് എടുത്താല്‍ ഏകദേശം നാലു ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഇത്രയധികം തിരക്ക് ഉണ്ടായിട്ടും ശബരിമലയ്ക്ക് നിയോഗിച്ച പല ഉന്നത ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടില്ല. 


വേണ്ടത്ര പരിചയം ഇല്ലാത്ത പോലീസുകരെയാണ് പലയിടത്തും ഡ്യൂട്ടിക്ക് നിര്‍ത്തിയിരിക്കുന്നത്.  ബുധനാഴ്ചയും തിരക്ക് മൂലം നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ സര്‍വീസുകള്‍ താളം തെറ്റിയിരുന്നു.വ്യാഴാഴ്ചത്തെ സൂര്യഗ്രഹണവും തങ്ക അങ്കി ഘോഷയാത്രയും പരിഗണിച്ച് തിര്‍ത്ഥാടകരെ പമ്പയില്‍ നിന്നും കയറ്റിവിടുന്നത് താത്ക്കാലികമായി നിര്‍ത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞാല്‍ മാത്രമേ ഇനി തീര്‍ഥാടകരെ പമ്പയിലേക്ക് വിടൂ എന്നാണ് പറയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K