24 December, 2019 08:22:05 PM


ഗവര്‍ണറുടെ മുന്നില്‍ പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ് ഗോള്‍ഡ് മെഡലിസ്റ്റ്; മടങ്ങിയത് ഈന്‍ക്വിലാബ് മുഴക്കി




കൊല്‍ക്കത്ത: ബിരുദദാന ചടങ്ങിനിടെ പൗരത്വ ഭേദഗതി നിയമം കീറി പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ്. ജാദവ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി ദെബ്സ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഗോള്‍ഡ് മെഡലിസ്റ്റാണ് ദെബ്സ്മിത . ഈ അംഗീകാരം സ്വീകരിക്കുന്നതിനെടെയാണ് വിദ്യാര്‍ത്ഥി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.


സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയ ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍ ഉയര്‍ത്തിക്കാണിച്ചു. തുടര്‍ന്ന് അത് കീറുകയും ഈന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുഴക്കി വേദി വിടുകയുമായിരുന്നു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണരുടെ കാര്‍ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു.


ക്യാംപസിലേക്ക് കയറിയ ഗവര്‍ണര്‍ക്കുനേരെ ഗോ ബാക്ക് വിളിക്കുകയും നോ എന്‍.ആര്‍.സി, നോ സി.എ.എ എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വൈസ് ചാന്‍സിലറുടെ മൗനസമ്മതത്തോടെയാണ് പ്രതിഷേധം അരങ്ങേറിയതെന്നും ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും ബിരുദദാന ചടങ്ങിനു ശേഷം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലും സമാന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. റാബീഹ എന്ന വിദ്യാര്‍ത്ഥി തനിക്ക് ലഭിച്ച സ്വര്‍ണ മെഡല്‍ നിരസിച്ച് രംഗത്തെത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K