24 December, 2019 01:35:14 PM


ഗവര്‍ണറെ അവഹേളിക്കുന്നവര്‍ ഭരണഘടനയെയും പാര്‍ലമെന്‍റിനെയും അവഹേളിക്കുന്നു: ശോഭാ സുരേന്ദ്രന്‍




തിരുവനന്തപുരം: ഗവര്‍ണറില്‍ നിന്നു സത്യപ്രതിജ്ഞാവാചകം ചൊല്ലി ജനപ്രതിനിധികളായി ചുമതലയേറ്റവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആദരണീയനായ ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അവഹേളിക്കുന്നതിലൂടെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അവരുടെ നിഷേധാത്മക നിലപാടാണ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


പൗരത്വനിയമ ഭേദഗതിയെ ഗവര്‍ണര്‍ അനുകൂലിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ എന്ത് അസ്വാഭാവികതയാണ് കാണുന്നതെന്ന് മനസ്സിലാകുന്നില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും ആദരിക്കാന്‍ മാത്രമല്ല അവയ്‌ക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും ഉത്തരവാദിത്തമുള്ള പദവിയാണ് ഗവര്‍ണറുടേത്. ആ ഉത്തരവാദിത്തമാണ് അദ്ദേഹം വിട്ടുവീഴ്ചകൂടാതെ നിര്‍വഹിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കുകയും ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


ജനാധിപത്യത്തിന്റെ ഭാഗമാണ് സംസ്ഥാന ഗവര്‍ണറുടെ പദവി. അദ്ദേഹത്തെ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ അപമാനിച്ചതിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അസഹിഷ്ണുത കൂടിയാണ് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നത്. ഈ നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കേരളത്തിലെ നേതൃത്വം തിരുത്തിയില്ലെങ്കില്‍ അവരുടെ ദേശീയ നേതൃത്വം ഇടപെട്ട് തിരുത്തിക്കണം. കെ ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ മുന്‍ ഗവര്‍ണര്‍മാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.   


രാജ്യം ഭരണഘടനയുടെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഭരണഘടനയുടെ സേവനപരമായ വശം, പ്രത്യേകിച്ചും പൗരന്മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതിന് ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവര്‍ണര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ശരിയായ വിധത്തില്‍ പങ്കാളിത്ത ജനാധിപത്യം കൊണ്ടുവരുന്നതിന് സഹായകമാകും എന്നാണ് ഗവര്‍ണര്‍മാരുടെ അമ്പതാം സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ നവംബര്‍ 23ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്യത്തെ ഒരു കോടതിയും ഇതുവരെ പറഞ്ഞിട്ടില്ല.


ആ നിയമത്തിനെതിരേ കുപ്രചരണം നടക്കുമ്പോള്‍ കാര്യങ്ങള്‍ ശരിയായി പൗരന്മാരെ ബോധ്യപ്പെടുത്താന്‍ ഗവര്‍ണര്‍ ഇനിയും ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്. ആ ശ്രമത്തില്‍ ബിജെപി ഉള്‍പ്പെടെ പാര്‍ലമെന്റിനെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പാര്‍ട്ടികളും ജനങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാവുക തന്നെ ചെയ്യും. രാജ്യത്തിന്റെ ഭരണത്തില്‍ നിന്നു പുറത്തായത് ഇനിയും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം- ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K