23 December, 2019 12:25:36 AM


ഇന്ത്യ - വിന്‍ഡീസ്‌ മൂന്നാം ഏകദിനം: ഇന്ത്യക്ക്‌ 4 വിക്കറ്റ്‌ ജയം; പരമ്പരയും സ്വന്തമാക്കി




കട്ടക്ക്‌ : ഇന്ത്യ - വിന്‍ഡീസ്‌ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ 4 വിക്കറ്റ്‌ ജയം. വിന്‍ഡീസ്‌ ഉയര്‍ത്തിയ 316 റണ്‍സ്‌ പിന്‍തുടര്‍ന്ന ഇന്ത്യ 8 പന്തുകള്‍ ബാക്കിനില്‍ക്കെ 6 വിക്കറ്റ്‌ നഷ്‌ടത്തില്‍ വിജയത്തിലെത്തി. ഇന്ത്യക്കുവേണ്ടി കോലി 85 , രാഹുല്‍ 77 , രോഹിത്ത്‌ ശര്‍മ 63 റണ്‍സെടുത്തു. 316 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മ(63), കെ.എല്‍ രാഹുല്‍(77), വിരാട് കോലി(85) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. എട്ട് ബാള്‍ ബാക്കിയിരിക്കെയായിരുന്നു ഇന്ത്യന്‍ ജയം.


രവീന്ദ്ര ജഡേജ(39), ശ്രദുല്‍ ഠാക്കൂര്‍(17) എന്നിവര്‍ ചേര്‍ന്നാണ് വാലറ്റത്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്. ഓപണര്‍മാര്‍ നല്‍കിയ സ്വപ്ന തുല്യ തുടക്കം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പൂര്‍ത്തീകരിച്ചത്. നേരത്തെ വിന്‍ഡീസ്‌ എവിന്‍ ലെവിസ്‌- ഷായ്‌ ഹോപ്പ്‌ ഓപ്പണിങ്‌ സഖ്യം കരുതലോടെയാണ്‌ ബാറ്റിങ്ങ്‌ തുടങ്ങിയത്‌. 15 -ാം ഓവറില്‍ രവീന്ദ്ര ജഡേജയാണ്‌ ലെവിസിനെ വീഴ്‌ത്തി ഓപ്പണിങ്‌ സഖ്യത്തെ പൊളിച്ചത്‌. ലെവിസ്‌( 50 പന്തില്‍ മൂന്ന്‌ ബൗണ്ടറി ഉള്‍പ്പെടെ 21 റണ്‍സ്‌) നേടി. പിന്നാലെ ഹോപ്പും മൊഹമ്മദ്‌ ഷമിക്ക്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ കൂടാരം കയറി. 42 റണ്‍സ്‌ എടുത്താണ്‌ ഹോപ്പ്‌ മടങ്ങിയത്‌.


ഷംറോണ്‍ ഹെറ്റ്‌മെയര്‍(33 പന്തില്‍ 37 റണ്‍സ്‌) റോസ്‌റ്റോണ്‍ ചേസ്‌(48 പന്തില്‍ 38 റണ്‍സ്‌) എന്നിവര്‍ സ്‌കോര്‍ബോര്‍ഡ്‌ മെല്ലെ മുന്നോട്ടു നീക്കി. അഞ്ചാം വിക്കറ്റില്‍ പൂരാന്‍-പൊള്ളാര്‍ഡ്‌ സഖ്യമാണ്‌ സ്‌കോര്‍ ബോര്‍ഡ്‌ വേഗത്തില്‍ കയറ്റിയത്‌. നിക്കോളാസ്‌ പൂരാന്‍( 64 പന്തില്‍ 10 ബൗണ്ടറിയും മൂന്ന്‌ സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ്‌), കീറോണ്‍ പൊള്ളാര്‍ഡ്‌ (51 പന്തില്‍ മൂന്ന്‌ ബീണ്ടറിയും ഏഴ്‌ സിക്‌സും സഹിതം 74 റണ്‍സ്‌) അര്‍ധ സെഞ്ചുറി നേടി. 


നവ്‌ദീപ്‌ സെയ്‌നി രണ്ടു വിക്കറ്റും, രവീന്ദ്ര ജഡേജ, മൊഹമ്മദ്‌ ഷമി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്‌ നേടിയ കുല്‍ദീപ്‌ യാദവിന്‌ ഇത്തവണ ഒരു വിക്കറ്റ്‌ പോലും നേടാനായില്ല. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച്‌ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്‌. ഇന്നു വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര 2-0 ന്‌ ഇന്ത്യ നേടിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K