23 December, 2019 12:16:33 AM


പെണ്‍കുട്ടിയെ കാമുകന്‍ ലോഡ്ജില്‍ കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചു; അവസാനം വില്‍ക്കാനും നീക്കം



തിരുവനന്തപുരം : പെണ്‍കുട്ടിയെ കാമുകന്‍ ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും കാഴ്ചവെച്ചു. തിരുവനന്തപുരം പാലോട് ആണ് ആദിവാസി പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി കൂട്ടുകാര്‍ക്കൊപ്പം ലോഡ്ജ് മുറിയില്‍ മൂന്നു ദിവസം പീഡനത്തിനിരയാക്കിയത്. നാലാം ദിവസം ലോഡ്ജ് മുറിയിലെത്തിയ പോലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പെണ്‍കുട്ടിയെ രക്ഷിച്ചു. മുറിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെത്തിച്ച് മറ്റൊരു സംഘത്തിനു വില്‍ക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികള്‍ പിടിയിലായതെന്ന് പോലീസ് പറയുന്നു.


പെരിങ്ങമ്മല ഒഴുകുപാറ മുനീറ മന്‍സിലില്‍ മുഹ്‌സീന്‍ (19) ആണ് കൂട്ടുകാര്‍ക്കുവേണ്ടി കാമുകിയെ തട്ടിക്കൊണ്ടുപോയത്. കേസില്‍ മുഹ്സിനെ കൂടാതെ തമിഴ്‌നാട് മാര്‍ത്താണ്ഡം പൊങ്ങിന്‍കല പുത്തന്‍വീട്ടില്‍ ആസിന്‍ (21), കല്‍ക്കുളം തിരുവട്ടാര്‍ മാര്‍ത്താണ്ഡം കണ്ണന്‍കരവിളയില്‍ വീട്ടില്‍ വിജയകുമാര്‍ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 17-മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പാലോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.


ഇടിഞ്ഞാറില്‍ നിന്നു മുഹ്സിന്‍ പെണ്‍കുട്ടിയെ ആസിന്‍, വിജയകുമാര്‍ എന്നിവര്‍ വാടകയ്ക്കു താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിച്ചു. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജോലി നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഡ്രൈവര്‍മാരാണ് ആസിനും വിജയകുമാറും. ആണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇവിടെ താമസിപ്പിച്ചത്. മുഹ്സിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് ടവറിനു കീഴില്‍ സ്വിച്ച് ഓഫായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.


നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചു. തമിഴ്‌നാട്ടുകാരായ കൂട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി വലിയ തുക പറഞ്ഞുറപ്പിച്ചാണ് മുഹ്സിന്‍ പെണ്‍കുട്ടിയെ സംഘത്തിന്‍റെ കൈയിലേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടിമയായിരുന്ന മുഹ്സിന് സ്ഥിരമായി കഞ്ചാവ് നല്‍കിയിരുന്നത് രണ്ടും മൂന്നും പ്രതികളാണെന്നും പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K