22 December, 2019 11:58:20 PM


വധു ഡോക്ടറാണ്; ഇതുവരെ വിവാഹത്തിന് ക്ഷണിച്ചവരെ എല്ലാം തിരികെ ക്ഷണിച്ച് എല്‍ദോ എബ്രഹാം



കൊച്ചി: കഴിഞ്ഞ 25 വര്‍ഷത്തിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവരെയെല്ലാം തിരികെ ക്ഷണിച്ച് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം. ജനുവരി 12 നാണ് വിവാഹം. എറണാകുളം സ്വദേശി ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു. എം എൽ എ ആകുന്നതിനു മുൻപ് പഞ്ചായത്ത് വാർഡ് മെമ്പർ ആയിരുന്ന രണ്ടു വാർഡുകളിലെയും മുഴുവൻ പേരെയും കല്യാണത്തിന് ക്ഷണിച്ചു കഴിഞ്ഞു. ഇരുപത്തിനായിരത്തിൽ അധികം അതിഥികളെ പ്രതീക്ഷിക്കുന്നുവെങ്കിലും വിവാഹം ആഡംബരപൂർണം ആകില്ല എന്നതാണ് പ്രത്യേകത.


വിവാഹ സൽക്കാരത്തിന് ആഡംബര ഒഴിവാക്കി എത്തുന്നവർക്ക് എല്ലാം ദോശയും ചമ്മതിയും ചായയും ആകും നൽകുക. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആയിരിക്കും വിവാഹ സൽക്കാരം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്‍റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐ നേതാവ് കൂടിയായ എൽദോ എബ്രഹാമിന്‍റെ വിവാഹം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയം. .

ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ലി​നി​ക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഡോക്ടറെ ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നി​ശ്ചയി​ച്ചു. മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം.


തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്‍റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹത്തിന്‍റെ ഭാഗമായി ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്‍റെ കഴുക്കോലും പട്ടികയും മാറ്റി ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു. വിവാഹം തീർത്തും ലളിതമായി നടത്താനാണ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K