22 December, 2019 10:55:55 PM


മണ്ഡലപൂജക്ക് ആറ് ദിവസം മാത്രം: ശബരിമലയിൽ വൻ തിരക്ക്; സൂര്യഗ്രഹണദിനം ദർശനത്തിന് നിയന്ത്രണം



ശബരിമല: മണ്ഡലപൂജക്ക് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. തങ്കയങ്കി ഘോഷയാത്രയോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാക്രമീകരണവും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്.


ഇതുവരെ ശബരിമലയിലെത്തിയത് ഇരുപത്തിരണ്ട് ലക്ഷത്തോളം തീര്‍ഥാടകര്‍. എണ്‍പതിനായിരത്തോളം ഭക്തജനങ്ങള്‍ വെള്ളിയാഴ്ചയെത്തി. അവധിക്കാലം തുടങ്ങിയതോടെ തിരക്കേറുകയാണ്. പരമ്പരാഗത പാതകള്‍ വഴിയും തീര്‍ഥാടകര്‍ സന്നിധാനത്തെത്തുന്നു. തിരക്ക് നിയന്ത്രിക്കാന്‍ മരക്കൂട്ടത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങള്‍ക്ക് പുറമെ ബോംബ് സ്‌ക്വാഡും പരിശോധന കര്‍ശനമാക്കി.


സൂര്യഗ്രഹണദിനമായ ഡിസംബർ 26ന് രാവിലെ ഏഴര മുതല്‍ പതിനൊന്നര വരെ തീര്‍ഥാടകരെ നിയന്ത്രിക്കും. അന്ന് ഉച്ചക്ക് ശേഷമാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തുക. തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27 ന് നടയടക്കും. 30ന് വൈകീട്ട് 5 മണിക്ക് ശേഷമാണ് മകരവിളക്കിനായി നട തുറക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K