20 December, 2019 01:15:40 PM


ദില്ലി ജുമാ മസ്ജിദിന് സമീപം വന്‍ പ്രതിഷേധം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും എത്തി



ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ മസ്ജിദിന് സമീപത്ത് വന്‍ പ്രതിഷേധം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സ്ഥലത്ത് എത്തി. ഭരണഘടനയും ദേശീയപതാകയും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. ലക്നൗ  ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലും മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലകളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്താകമാനം 3500ലധികം ആളുകൾ  പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരുവിൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തു. ചെന്നൈയിൽ 600ലധികം പേർക്കെതിരെ കേസെടുത്തു.


ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്. അലിഗഡിൽ ജില്ലാ മജിസ്ട്രേറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.  വടക്കുകിഴക്കൻ ഡൽഹിയിൽ 12 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ്, ഡൽഹി, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു ആക്രമണത്തിന്‍റെ  പശ്ചാത്തലത്തിൽ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് പൊലീസിന്  ജാഗ്രതാനിര്‍‌ദേശം നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K