04 April, 2016 04:54:25 PM


കുട്ടികള്‍ക്ക് സെക്സിനെക്കുറിച്ച് അറിവ് പകരേണ്ടതെങ്ങനെ ?




കുട്ടികള്‍ വളരുന്നതനുസരിച്ച് അവരുടെ സംശയങ്ങളും കൂടും


ശാരീരികമായും ബൗദ്ധികപരമായും കുട്ടികളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നത്‌ പല ഘട്ടങ്ങളിലൂടെയാണ്‌. ഓരോ പ്രായത്തിലും അറിയേണ്ട കാര്യങ്ങള്‍ അവരുടെ യുക്‌തിക്കനുസരിച്ച്‌ പറഞ്ഞുകൊടുക്കണം. എന്നു കരുതി ചെറിയ കുട്ടികളോട്‌ ലൈംഗികതയെപ്പറ്റി സംസാരിച്ചാ ല്‍ അവര്‍ക്ക്‌ മനസിലാകണമെന്നില്ല.

അഞ്ചുവയസിന്‌ താഴെയുള്ള കുട്ടികള്‍ക്കുവരെ ഇന്ന്‌ സെക്‌സിനെപ്പറ്റി അറിയാം. താന്‍ ജനിച്ചതെങ്ങനെയാണെന്ന്‌ ഒരു കുട്ടി മാതാപിതാക്കളോട്‌ ചോദിക്കുന്നത്‌ സ്വാഭാവികമാണ്‌.

അവരെ വഴക്കുപറയുകയോ തമാശയായി എന്തെങ്കിലും ഉത്തരം കൊടുത്ത്‌ ഒഴിഞ്ഞുമാറാനോ ശ്രമിക്കരുത്‌. കുട്ടിക്ക്‌ മനസിലാകുന്ന രീതിയില്‍ പ്രകൃതിയില്‍ നിന്ന്‌ തന്നെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണെന്ന്‌ പറഞ്ഞു മനസിലാക്കാം.

സ്‌ത്രീയും പുരുഷനും വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ താമസിക്കുമ്പോഴാണ്‌ കുഞ്ഞുങ്ങളുണ്ടാകുന്നതെന്ന്‌ പറഞ്ഞു കൊടുത്താല്‍ കുട്ടിയുടെ സംശയം മാറുകയും ചെയ്യും.

ലൈംഗിക അവയവങ്ങളുടെ പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കാം. സാധാരണ ഓരോ അവയവവും കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുമ്പോള്‍ ലൈംഗിക അവയവങ്ങളെ ഒഴിവാക്കുകയാണ്‌ പതിവ്‌.


കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും അറിവ് നല്‍കണം


ഈ രീതി ശരിയല്ല. ലൈംഗിക അവയവങ്ങള്‍ സ്വകാര്യ ഭാഗങ്ങളാണെന്നും മറ്റുള്ളവരെ കാണിക്കേണ്ടതല്ലെന്നും ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ പറഞ്ഞു മനസിലാക്കണം.

ആരെങ്കിലും ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ തൊടുകയോ തലോടുകയോ ചെയ്‌താല്‍ അതിനെതിരെ പ്രതികരിക്കണമെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം.

നല്ല സ്‌പര്‍ശവും ചീത്ത സ്‌പര്‍ശവും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം. കാരണം ഇന്നത്തെ സമൂഹത്തില്‍ ചെറിയ കുട്ടികള്‍പോലും സുരക്ഷിതരല്ല.


ജീവിതത്തില്‍ ഏറ്റവും വര്‍ണാഭമായ കാലഘട്ടമാണ്‌ കൗമാരം. എന്നാല്‍ നല്ല രീതിയിലല്ല കൗമാരം കടന്നുപോകുന്നതെങ്കില്‍ ജീവിതം തന്നെ നഷ്‌ടമായേക്കാം.


"അമ്മേ കുഞ്ഞുവാവ ഉണ്ടാകുന്നതെങ്ങനെയാ?" അഞ്ചുവയസുകാരന്‍റെ ചോദ്യത്തിന്‌ മുമ്പില്‍ അമ്മയൊന്ന്‌ പതറി. "സ്വര്‍ഗത്തില്‍ നിന്ന്‌ മാലാഖ കൊണ്ടത്തരുന്നതാ കുഞ്ഞുവാവയെ."

തല്‍ക്കാലത്തേക്ക്‌ അമ്മ ഒരുത്തരം കണ്ടുപിടിച്ചെങ്കിലും  സംശയം മാറിയില്ല. "മാലാഖയ്‌ക്ക് എവിടുന്നാ വാവയെ കിട്ടുന്നത്‌?" "പോയിരുന്ന്‌ പഠിക്കെടാ. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നോ? എവിടുന്നാ ഇതൊക്കെ പഠിക്കുന്നത്‌?"അമ്മ കണ്ണുരുട്ടി.

മിക്കവാറും വീടുകളില്‍ ഉണ്ടാകുന്ന സംഭവമാണിത്‌. കുട്ടികളെ വഴക്കുപറയുകയോ തമാശയായി എന്തെങ്കിലും ഉത്തരം കൊടുക്കുകയോ ചെയ്‌തിട്ട്‌ കാര്യമില്ല. കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ അവരുടെ പ്രായത്തിനും ബുദ്ധിക്കും അനുസരിച്ചുള്ള ഉത്തരങ്ങള്‍ കൊടുക്കേണ്ടത്‌ മാതാപിതാക്കളാണ്‌.

സെക്‌സ് എജ്യൂക്കേഷന്‍ കൗമാരക്കാര്‍ക്ക്‌ മാത്രം നല്‍കിയാല്‍ മതിയോ? മാതാപിതാക്കള്‍ ഉന്നയിക്കുന്ന പ്രധാന സംശയമാണിത്‌. കൗമാരത്തില്‍ മാത്രമല്ല ബാല്യത്തില്‍ തന്നെ ലൈംഗികതയെപ്പറ്റി അവരെ പറഞ്ഞു മനസിലാക്കണം.


കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതെപ്പോള്‍ 

ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതാണ്‌ ഉത്തമം. എന്നാല്‍ ലൈംഗികതയെപ്പറ്റി മക്കളോട്‌ സംസാരിക്കാന്‍ പല മാതാപിതാക്കളും വിമുഖത കാണിക്കുന്നു.

സ്‌കൂളില്‍ പോകുന്ന സമയം മുതല്‍ തന്നെ ഇന്നത്തെ കുട്ടികള്‍ ലോകം അറിഞ്ഞു തുടങ്ങുന്നു. എന്നാല്‍ അവര്‍ക്ക്‌ ലഭിക്കുന്ന അറിവുകള്‍ പലപ്പോഴും നല്ലതാകണമെന്നില്ല.

അതുകൊണ്ട്‌ തന്നെ മാതാപിതാക്കള്‍ നേരിട്ട്‌ കുട്ടികളോട്‌ സെക്‌സിനെപ്പറ്റി സംസാരിക്കുന്നതാണ്‌ ഉചിതം. പ്രാഥമിക അറിവുകള്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ പറഞ്ഞുകൊടുക്കേണ്ടത്‌ മാതാപിതാക്കളാണ്‌. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K