17 December, 2019 10:11:17 PM


രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം സുരക്ഷിതമായ നിലയില്‍ : രക്ഷകരായത് സഞ്ജുവും ഉത്തപ്പയും



തിരുവനന്തപുരം : ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം സുരക്ഷിതമായ നിലയില്‍. സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ വലിയ ഒരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. തുടക്കത്തില്‍ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തെ ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കേരളത്തിനായി സഞ്ജു സാംസണ്‍ സെഞ്ചുറി നേടി.


തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. പൊന്നം രാഹുലും ജലജ് സക്‌സേനയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 15 റണ്‍സ് വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. 5 റണ്‍സെടുത്ത രാഹുലിനെ വിക്കറ്റ് കീപ്പര്‍ ശ്രീവത്സവ് ഗോസ്വാമിയുടെ കൈകളിലെത്തിച്ച ഇഷാന്‍ പോറലാണ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചത്. ഏറെ വൈകാതെ ജലജ് സക്‌സേനയും (9) ഗോസ്വാമിയുടെ കൈകളില്‍ അവസാനിച്ചു. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.


പിന്നാലെ, സഞ്ജു സാംസണും സച്ചിന്‍ ബേബിയും ക്രീസില്‍ ഒത്തു ചേര്‍ന്നു. ഈ സഖ്യത്തിനും ഏറെ ആയുസുണ്ടായില്ല. മൂന്നാം വിക്കറ്റില്‍ 38 റണ്‍സെടുത്ത സഖ്യം അശൊക് ഡിണ്ടക്ക് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഹീറോയും കേരള ക്യാപ്റ്റനുമായ സച്ചിന്‍ ബേബിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഡിണ്ട കേരളത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. സച്ചിന്‍ ബേബി പുറത്തായതിനു പിന്നാലെ സഞ്ജുവിന് പിന്തുണയുമായി ഉത്തപ്പ ക്രീസിലെത്തി.


ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സഞ്ജുവിന് ഉത്തപ്പ പിന്തുണ നല്‍കിയതോടെ കേരള ഇന്നിംഗ്‌സ് കരകയറാന്‍ തുടങ്ങി. ഇതിനിടെ സഞ്ജു അര്‍ധസെഞ്ചുറി കുറിച്ചു. മറുവശത്ത് ക്ഷമയോടെ പിടിച്ചു നിന്ന ഉത്തപ്പ കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയാണ് ഗ്രൗണ്ടില്‍ കാഴ്ച വെച്ചത്. സഞ്ജു സ്‌കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ ഉത്തപ്പ ഇന്നിംഗ്‌സ് നങ്കൂരമിട്ടു. 156 പന്തുകളില്‍ 14 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്ബടിയോടെ സഞ്ജു സെഞ്ചുറി തികച്ചു. ഏറെ വൈകാതെ ഉത്തപ്പ അര്‍ധസെഞ്ചുറിയും കുറിച്ചു.


അര്‍ധസെഞ്ചുറിയടിച്ചതിനു പിന്നാലെ ഉത്തപ്പയെ (50) ഷഹബാസ് അഹ്മദിന്റെ കൈകളിലെത്തിച്ച അര്‍ണബ് നന്ദി 137 റണ്‍സ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ വിഷ്ണു വിനോദിനെ (0)യും പുറത്താക്കിയ അര്‍ണബ് കേരളത്തിന് ഇരട്ട പ്രഹരമേല്പിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോസ്വാമിക്ക് പിടികൊടുത്താണ് വിഷ്ണു മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്. 102 റണ്‍സെടുത്ത സഞ്ജുവാണ് ക്രീസില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K